സർക്കാർ ജീവനക്കാർക്കിടയിലെ അഴിമതിക്കാർക്കായി വലവിരിച്ച് വിജിലൻസ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ ജില്ലകളിലായി 100 ജീവനക്കാർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്.
സീനിയർ സിവിൽ പൊലിസ് ഓഫിസർ, വില്ലേജ് അസിസ്റ്റന്റ്, അസി.ലേബർ ഓഫിസർ, പബ്ലിക് ഹെൽത്ത് ഓഫിസർ തുടങ്ങി വിവിധ സർവിസുകളിൽ ജോലി ചെയ്യുന്നവർ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിലും ഓപറേഷൻ പാർപ്പിടം, ഷോർട്ട് സർക്യൂട്ട്, സ്‌കിൽ ഗാർഡ്, ഓപ്പറേഷൻ എർത്ത് ഗാർഡ് തുടങ്ങി വ്യാപക മിന്നൽ പരിശോധനകളെ തുടർന്നും നിരവധി ക്രമക്കേടുകൾ വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട ഒഴികെ 13 ജില്ലകളിലെയും ജീവനക്കാർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടുതൽ കേസുകൾ തൃശൂർ ജില്ലയിലാണ്. സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഇവിടെ മാത്രം രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം 14, കോഴിക്കോട് 11, കണ്ണൂർ എട്ട്, കോട്ടയം എട്ട് , എറണാകുളം ഏഴ് , കാസർകോട് ഏഴ്, ഇടുക്കി ആറ്, കൊല്ലം ആറ്, പാലക്കാട് അഞ്ച് , മലപ്പുറം അഞ്ച് , വയനാട് നാല് , ആലപ്പുഴ നാല് എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലായി ഏഴ് പേരെ സസ്പൻഡ് ചെയ്തു. 22 പേരെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. 11 ജീവനക്കാരെ ജില്ലയിൽ നിന്നും സ്ഥലം മാറ്റുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്.
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ ഡിജിറ്റിൽ, സൈബർ വിവരങ്ങൾ ഉൾപ്പെടെ പൂർണമായി ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ച് ഉദ്യോഗസ്ഥ അഴിമതി പൂർണമായും ഇല്ലാതാക്കാനാണ് വിജിലൻസ് ലക്ഷ്യമിടുന്നത്.








