Top Banner

ചേരാനല്ലൂർ അപകടം: മകൻ ഓടിച്ച കാറിടിച്ച് യാത്രികൻ മരിച്ച കേസിൽ ജഡ്‌ജിക്കെതിരെ കേസെടുത്തു

കൊച്ചി ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ അഡീഷണൽ സെഷൻസ് ജഡ്‌ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. വാഹനത്തിൻ്റെ ആർസി ഉടമയായ ജഡ്‌ജിയോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെ അദ്ദേഹത്തെ കേസിൽ പ്രതിചേർത്തു. മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസിൻ്റെ നിർണായക നടപടി.

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്. വാഹനത്തിൻ്റെ ആർസി ഉടമ ജഡ്‌ജിയായതിനാൽ സ്വാഭാവികമായും അദ്ദേഹം മറുപടി പറയേണ്ടതുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മെമ്മോ നൽകി വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേക്ക് ഹൈക്കോടതി കടക്കുമെന്നാണ് സൂചന. ഇതിനിടെ ജഡ്‌ജി പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ ചോദിച്ചറിയുകയും താൻ അഡീഷണൽ സെഷൻസ് ജഡ്‌ജിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കുടുംബത്തിൻ്റെ പരാതിയുടെയും നിയമോപദേശത്തിൻ്റെയും അടിസ്ഥാനത്തിൽ ജഡ്‌ജിയെയും കേസിൽ പ്രതിചേർക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിലേക്ക് അമിതവേഗത്തിൽ വന്ന ബെൻസ് കാർ നിയന്ത്രണമില്ലാതെ ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും റോഡിലേക്ക് തെറിച്ചുവീണ ജയബാലകൃഷ്ണന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെട്ടു. അപകടത്തിന് കാരണമായ ആഡംബര കാർ ഓടിച്ച 17കാരനെ പൊലീസ് പിടികൂടിയിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, അശ്രദ്ധമൂലം മരണം സംഭവിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. തുടർന്ന് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ്രതിയെ വിട്ടയച്ചതിനെതിരെ മരിച്ച ജയബാലകൃഷ്ണൻ്റെ ബന്ധുക്കളും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതി അഡീഷണൽ ജഡ്‌ജിയുടെ മകനായതിനാൽ പൊലീസ് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രതിയെ വീണ്ടും പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുകയും മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തുകയും ചെയ്തു. ആദ്യമായി വാഹനം ഓടിച്ചതാണെന്ന പ്രതിയുടെയും മാതാപിതാക്കളുടെയും വാദം ശരിയല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതി മുൻപും ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടി അമിതവേഗത്തിൽ കാറോടിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.