Top Banner

രാസലഹരി പരിശോധന വൈകുന്നു; കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷം സാംപിൾ

ഓപറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടികൾ ശക്തമാകുന്നതിനിടെ പിടിച്ചെടുക്കുന്ന രാസലഹരിയുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കുന്നതിലെ കാലതാമസം അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. സംസ്ഥാനത്തെ മൂന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബുകളിലായി രാസലഹരി അടക്കമുള്ള വിവിധ കേസുകളിലെ രണ്ട് ലക്ഷത്തിലധികം സാംപിളുകളാണ് കെട്ടിക്കിടക്കുന്നത്. 79,228 കേസുമായി ബന്ധപ്പെട്ട 2,02,575 സാംപിൾ പരിശോധനാഫലം കാത്തുകിടന്നതായി വിവരാവകാശരേഖ വ്യക്തമാക്കുന്നു.

കോഴിക്കോട്ടെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ 49,800 സാംപിളുകളുണ്ട്. എറണാകുളം ലാബിൽ 96,644 സാംപിളും തിരുവനന്തപുരത്ത് 56,131 സാംപിളുകളുമാണ് പരിശോധന കാത്തുകിടക്കുന്നത്.  ലഹരിക്കേസുകൾ വർധിക്കുന്നതിനൊപ്പം സാംപിളുകളുടെ എണ്ണവും കൂടുന്നതാണ് പരിശോധന വൈകാൻ ഇടയാക്കുന്നത്.

എം.ഡി.എം.എ, മെത്താംഫെറ്റമിൻ തുടങ്ങിയ സിന്തറ്റിക് ലഹരിവസ്തുക്കൾ പിടികൂടുമ്പോൾ അവ യഥാർഥത്തിൽ ഏത് രാസവസ്തുവാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടതുണ്ട്.  സാംപിൾ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിൽ പരിശോധിച്ച ശേഷമാണ് അതിലെ ലഹരിവസ്തുവിനെക്കുറിച്ചുള്ള ശാസ്ത്രീയ റിപ്പോർട്ട് ലഭിക്കുന്നത്. പിടിച്ചെടുത്ത വസ്തുവിന്റെ സ്വഭാവം, ലഹരിവസ്തുവിന്റെ സാന്നിധ്യം, അതിന്റെ അളവ് തുടങ്ങിയ കാര്യങ്ങൾ കേസിന്റെ തുടർ അന്വേഷണത്തിലും കോടതിയിലെ തെളിവ് നടപടികളിലും പ്രധാനമാണ്. അതിനാൽ പരിശോധനാ ഫലം വൈകുന്നത് അന്വേഷണത്തിന്റെ ശാസ്ത്രീയ തെളിവ് പൂർത്തിയാക്കുന്നതിലും കാലതാമസമുണ്ടാക്കും.

സംസ്ഥാനത്തെ ലഹരിക്കടത്ത് ശൃംഖലക്കെതിരേ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പോലുള്ള നടപടികളിൽ വലിയ തോതിൽ രാസലഹരി പിടികൂടുന്നുണ്ട്.  അതിനാൽ സാംപിളുകൾ ദീർഘകാലം ലാബിൽ കെട്ടിക്കിടക്കുന്നത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന സ്ഥിതിവിശേഷമാണ്.

വിഷാംശം, മദ്യത്തിന്റെ സാന്നിധ്യം തുടങ്ങിയവ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ടോക്‌സിക്കോളജി പരിശോധനകളെയും ഇത് ബാധിക്കുന്നുണ്ട്. അതിനാൽ ലഹരിക്കേസുകൾക്ക് പുറമെ കൊലപാതകം, വിഷബാധ തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിലും ഈ പരിശോധനകൾക്ക് പ്രാധാന്യമുണ്ട്.

ഓപറേഷൻ തൂഫാന്റെ  ഭാഗമായി  നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച വരെസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 12759 പേരെയാണ് അറസ്റ്റ് ചെയ്തത്. 11829 കേസിലായി 24488.031 ഗ്രാം എം.ഡി.എം.എയും 1605.201 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുമുണ്ട്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.