റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയ 213 കോടി രൂപ വായ്പയാണെന്ന വാദം നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചിട്ടി സ്ഥാപനത്തിൽ നിന്ന് 137.15 കോടി രൂപയാണ് ലഭിച്ചതെന്നും ഇതിൽ 100 കോടി രൂപയുടെ ഇടപാട് മാത്രമാണ് റിപ്പോർട്ടർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി രേഖകളിലുള്ളതെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന 37.15 കോടി രൂപ എങ്ങനെ കൈമാറിയെന്നതിൽ വ്യക്തതയില്ലെന്നും ചിട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ഇത്രയും വലിയ തുകയുടെ കൈമാറ്റം അംഗീകരിച്ചതിന് രേഖകളില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിച്ചിട്ടില്ല. ഈടായി നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നത് ഒപ്പിട്ട ചെക്കുകൾ മാത്രമാണെന്നും എസ്ഐടി പറയുന്നു.മറ്റൊരു സ്വകാര്യ കമ്പനിയിൽ നിന്ന് ലഭിച്ച 75 കോടി രൂപയുടെ കാര്യത്തിലും ഈടായി കാണിച്ച വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2024ൽ തൃക്കാക്കര നോർത്ത് വില്ലേജിലെ വസ്തുവിന് 9.94 കോടി രൂപയായിരുന്നു മൂല്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരു വർഷത്തിനിടെ ഇതിന്റെ മൂല്യം 15 ഇരട്ടിയോളം വർധിച്ചതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
154 കോടി രൂപ മൂല്യമുള്ളതായി കാണിച്ച വസ്തു ഈടാക്കി 75 കോടി രൂപ വായ്പയായി നേടിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. വസ്തുവിന്റെ മൂല്യം അസാധാരണമായി വർധിപ്പിച്ച് കാണിച്ച സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം നടത്തണമെന്നും എസ്ഐടി ശുപാർശ ചെയ്തു.








