സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. പണമിടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് കത്തയച്ചത്. മൊഴിയുടെ വിശദാംശങ്ങളും തേടി. ഇ ഡി പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രതികളുടെ ചോദ്യം ചെയ്യല്‍.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇ ഡി നീക്കം. നേരത്തെ എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പുതിയ നീക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യും.








