Top Banner

വീണയ്ക്കും റിയാസിനും കുരുക്കോ? ഇഡിയുടെ നിർണായക കണ്ടെത്തലുകൾ

 മാസപ്പടി കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തലുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ വിവാദമായ ‘റെഡ് ബുക്കിൽ’ റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് വീണ മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

ദുബൈയിലുള്ള വി.പി. ഫൈജാസിന് പണം അയച്ചതിന്റെ വിവരങ്ങളും ‘റെഡ് ബുക്കിൽ’ ഇതിന്റെ കണക്കുകൾ രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. റെഡ് ബുക്കിലെ ചില പേജുകളുടെ പകർപ്പുകളും ഇടപാടുകളുടെ കണക്കുകളും സഹിതമാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനിടെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വിദേശത്തേക്ക് പണം കൈമാറിയ കാര്യം വീണ സമ്മതിച്ചതായും കത്തിൽ പരാമർശിക്കുന്നുണ്ട്. ഹവാല ഇടപാടുകളിലൂടെയുള്ള പണമിടപാടുകളും വിദേശ നിക്ഷേപങ്ങളും സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.വീണയ്ക്ക് സ്വന്തമായി പ്രത്യേക വരുമാനം ഇല്ലാതിരുന്ന കാലയളവിലാണ് പ്രസ്തുത ഇടപാടുകൾ നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. ഈ ഇടപാടുകളിലെ പണം മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നും ഇഡി സംശയിക്കുന്നതായി കത്തിൽ വ്യക്തമാക്കുന്നു.

പൊലീസ് കേസിനായി കാത്തുനിൽക്കാതെ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച നിയമങ്ങൾ പ്രകാരം നേരിട്ട് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളിലേക്കാണ് ഇഡി നീങ്ങുന്നതെന്നാണ് സൂചന. സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും ചോദ്യം ചെയ്തശേഷം തുടർനടപടികളിലേക്ക് കടക്കാനും അന്വേഷണ ഏജൻസി ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.