സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷാലിറ്റി സേവനങ്ങൾക്കുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിന് വെല്ലുവിളിയായി ഡോക്ടർമാരുടെ ക്ഷാമം. സംസ്ഥാനത്ത് ഡോക്ടർമാരുടെ 783 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒഴിവുകളുടെ മൂന്നിൽ രണ്ടും മലബാർ മേഖലയിലാണ്. ഇത് ആകെ ഒഴിവുകളുടെ 70.1 ശതമാനം വരും.
പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിൽ 554 തസ്തികകളിലാണ് ഡോക്ടറില്ലാത്തത്. തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ 149 ഒഴിവുകളും മധ്യകേരളത്തിൽ 140 ഒഴിവുകളുമാണുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുകൾ കാസർകോട് ജില്ലയിലാണ്. 166 തസ്തികകൾ. കണ്ണൂരിൽ 117, പാലക്കാട് 108 ഒഴിവുകളുണ്ട്.
ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത് അസിസ്റ്റന്റ് സർജൻ തസ്തികകളിലാണ്. സംസ്ഥാനത്തൊട്ടാകെ 431 ഒഴിവുകളാണ് ഈ തസ്തികകളിലുള്ളത്. ഇതിലും മലബാർ മേഖലയാണ് മുന്നിൽ. കാസർകോട് 113 അസിസ്റ്റന്റ് സർജൻ ഒഴിവുകളാണുള്ളത്. പാലക്കാട് 87 പേരുടേയും കണ്ണൂരിൽ 70 പേരുടേയും ഒഴിവുകളുണ്ട്.
പ്രശ്നപരിഹാരത്തിനായി ആരോഗ്യവകുപ്പ് 430 നിയമന ഉത്തരവുകൾ പുറത്തിറക്കിയെങ്കിലും 134 പേർ മാത്രമാണ് കൈപ്പറ്റിയത്. കഴിഞ്ഞ മാസം 20നുള്ളിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു നിർദേശമെങ്കിലും പകുതിയോളം പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്.
നിലവിൽ ജില്ല-ജനറൽ ആശുപത്രികളിലെ സ്പെഷാലിറ്റികളിൽ പലതിലും മൂന്നോ നാലോ വിദഗ്ധ ഡോക്ടർമാരേയുള്ളൂ. കാഷ്വാലിറ്റി ഡോക്ടർമാരും വേണ്ടത്രയില്ല. രോഗികളുടെ തിരക്ക് കൂടുതലുമാണ്. രാത്രി മുഴുവൻ അടിയന്തര ഡ്യൂട്ടി നോക്കുന്ന സ്പെഷലിസ്റ്റുകൾ പകൽ ഒ.പി, ഐ.പി, തിയേറ്റർ ജോലികളും ചെയ്യേണ്ടിവരുന്നത് ഡോക്ടർമാരെയും രോഗികളെയും ഒന്നുപോലെ വലയ്ക്കും.
ഡോക്ടർമാർക്ക് പുറമെ ആവശ്യമായ നഴ്സിങ്, പാരാമെഡിക്കൽ, ടെക്നിക്കൽ, മറ്റ് അനുബന്ധ ജീവനക്കാരുടെ ഒഴിവുകളും നികത്തേണ്ടതുണ്ട്.
സ്പെഷാലിറ്റി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊല്ലം ജില്ലാ ആശുപത്രി, കുണ്ടറ താലൂക്ക് ആശുപത്രി, താലൂക്ക് ആശുപത്രി നെടുങ്ങോലം, നീണ്ടകര സി.എച്ച്.സി, എഫ്.എച്ച്.സി. തേവലക്കര തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥാപനങ്ങളിൽ നിന്നാണ് ഡോക്ടർമാരെ പുനർവിന്യസിച്ചത്.






