കേരളത്തിലെ സർക്കാർ ആശുപത്രികൾക്കായി കഴിഞ്ഞ പത്തുവർഷത്തിനിടെ നടത്തിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങലുകളിൽ (Purchase) സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. ഉപകരണങ്ങൾ വാങ്ങിയതിലും അവയുടെ വിതരണത്തിലും അറ്റകുറ്റപ്പണികളിലും വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആക്ഷേപങ്ങളെയും ഓഡിറ്റ് റിപ്പോർട്ടുകളെയും തുടർന്നാണ് ഈ നിർണായക നടപടി.
സർക്കാർ മേഖലയിലെ വിവിധ ആശുപത്രികളിൽ കോടിക്കണക്കിന് രൂപ വിലവരുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായും, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നതായും നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നിൽ പ്രത്യേക ലോബിയുടെ ഇടപെടലുകളുണ്ടോ എന്നും അന്വേഷണ പരിധിയിൽ വരും.
കഴിഞ്ഞ പത്ത് വർഷത്തെ പർച്ചേസ് ഫയലുകൾ, ടെൻഡർ നടപടികൾ, വിതരണക്കാരുമായി ഒപ്പിട്ട കരാറുകൾ, ഉപകരണങ്ങളുടെ നിലവിലെ അവസ്ഥ എന്നിവയെല്ലാം പ്രത്യേക സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും വിതരണ കമ്പനികൾക്കെതിരെയും കർശന നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.






