സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ നിയമലംഘനങ്ങളും ഫണ്ട് വിനിയോഗത്തിലെ അനാസ്ഥയും പദ്ധതി നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്.
കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിക്കാതെ നഷ്ടമായതിനു പുറമേ, കെട്ടിട നിർമാണച്ചട്ടങ്ങൾ ലംഘിച്ചതും അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നതും ജനങ്ങൾക്ക് അർഹമായ സേവനങ്ങൾ നിഷേധിക്കുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ചിൽ അവസാനിച്ച കാലയളവിലെ റിപ്പോർട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ചു.
2023-24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കായി അനുവദിച്ച 9,135.94 കോടിയിൽ 3,367.92 കോടിയും (36.86 ശതമാനം), നഗര തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിച്ച 2,318.95 കോടിയിൽ 495.83 കോടിയും (21.38 ശതമാനം) വിനിയോഗിക്കാതെ കാലഹരണപ്പെട്ടു. ആകെ 3,863.75 കോടി രൂപയാണ് ചെലവഴിക്കാതെ നഷ്ടമായത്. റോഡ്, റോഡിതര പരിപാലന ഫണ്ടുകളുടെ പകുതിയിലധികവും വിനിയോഗിച്ചില്ല. വികസന, മെയിന്റനൻസ് ഫണ്ടുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ 117 ദിവസം വരെ കാലതാമസമുണ്ടായതായും ഓഡിറ്റ് കണ്ടെത്തി. കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ ഉൽപാദന മേഖലകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ കുറഞ്ഞ മുൻഗണന മാത്രമാണ് നൽകിയത്.
നഗര തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണ അനുമതി നൽകാൻ 44 മുതൽ 474 ദിവസം വരെ കാലതാമസമുണ്ടായി. ലൈസൻസോ ഒക്യുപൻസി സർട്ടിഫിക്കറ്റോ ഇല്ലാതെ പ്രവർത്തിച്ച 28 കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിൽ കൊച്ചി കോർപറേഷനും ആലുവ, വർക്കല, മുക്കം നഗരസഭകളും വീഴ്ച വരുത്തി. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചശേഷം കെട്ടിടങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തിയതും 123 കെട്ടിടങ്ങളിൽ 1,210 കാർ പാർക്കിങ് സ്ഥലങ്ങളുടെ കുറവുണ്ടായതും സുരക്ഷാ മാനദണ്ഡങ്ങൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൊല്ലം, കൊച്ചി കോർപറേഷനുകൾ വസ്തുനികുതി കൃത്യമായി നിർണയിക്കാത്തതിനെത്തുടർന്ന് വലിയ വരുമാനനഷ്ടമുണ്ടായി. ഒഴിവാക്കപ്പെട്ട സേവനത്തിന് കോഴിക്കോട് കോർപറേഷൻ കരാറുകാരന് 27.72 ലക്ഷം രൂപ ജി.എസ്.ടി. ഇനത്തിൽ നൽകി.
കൊച്ചി കോർപറേഷനിലെ ക്വാർട്ടേഴ്‌സുകളിൽ അനധികൃതമായി താമസിച്ച ജീവനക്കാർക്ക് വീട്ടുവാടക അലവൻസായി 1.44 കോടി രൂപ നിയമവിരുദ്ധമായി നൽകിയതായും റിപ്പോർട്ടിലുണ്ട്.








