Top Banner

വിജിലന്‍സില്‍ മനോജ് എബ്രഹാം പ്രഭാവം: ജി.എസ്.ടിയിലെ ‘തൊട്ടപ്പന്മാരെ’ വിറപ്പിച്ച് പ്രജിനി രാജിന്റെ വീഴ്ച; കോടികളുടെ അഴിമതി ശൃംഖല അഴിയുമ്പോള്‍…

കൊച്ചി തേവരയിലെ സംസ്ഥാന ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലും വസതിയിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന, പരോക്ഷ നികുതി വകുപ്പിന്റെ മറവില്‍ നടന്നിരുന്ന കോടികളുടെ അഴിമതി ശൃംഖലയെയാണ് ഒറ്റയടിക്ക് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കേസില്‍ കുടുങ്ങിയ ജോയിന്റ് കമ്മീഷണര്‍ പ്രജിനി രാജിന്റെ ഉന്നത ബന്ധങ്ങളും അനധികൃത സ്വത്ത് സമ്പാദനവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രധാന ചര്‍ച്ചാവിഷയം.

ഭരണതലത്തിലെ ഉന്നത സ്വാധീനങ്ങളും രാഷ്ട്രീയ തണലും ഉപയോഗിച്ച് വര്‍ഷങ്ങളായി തഴച്ചുവളര്‍ന്ന അഴിമതി സാമ്രാജ്യമാണ് വിജിലന്‍സിന്റെ ശക്തമായ നീക്കത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ കൃത്യമായ പ്ലാനിംഗും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് വകുപ്പിനുള്ളിലെ കറുത്ത ആടുകളെ വലയിലാക്കാന്‍ വഴിയൊരുക്കിയത്.

മുന്‍പും പ്രജിനി രാജിനെതിരെ ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ടുകളും വ്യാപാരികളുടെ പരാതികളും ഉയര്‍ന്നിരുന്നെങ്കിലും, ഉന്നതതലത്തിലെ കുടപിടിക്കല്‍ മൂലം അന്വേഷണങ്ങള്‍ മുങ്ങിപ്പോവുകയായിരുന്നു പതിവ്. എന്നാല്‍, വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള പിടിമുറുക്കാനും കേസില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ അന്വേഷണ സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാനും സാധിച്ചു.

ആരാണ് വിജിലന്‍സിന്റെ പിടിയിലായ പ്രജിനി രാജ് എന്ന ചോദ്യമാണ് ഇപ്പോള്‍ സര്‍വീസ് മേഖലയിലും പൊതുസമൂഹത്തിലും ഉയര്‍ന്നുകേള്‍ക്കുന്നത്. 2005-ല്‍ പി.എസ്.സി വഴി സെയില്‍സ് ടാക്‌സ് വകുപ്പില്‍ അസിസ്റ്റന്റ് ആയി സര്‍വീസില്‍ പ്രവേശിച്ച പ്രജിനി, ചുരുങ്ങിയ കാലം കൊണ്ടാണ് വകുപ്പിലെ ഉന്നത പദവികളിലേക്ക് ഉയര്‍ന്നത്.

സര്‍വീസ് ജീവിതത്തിലുടനീളം തന്ത്രപ്രധാനമായ തസ്തികകള്‍ കൈയ്യാളാന്‍ പ്രജിനിക്ക് സാധിച്ചിരുന്നു. പ്രത്യേകിച്ച്, എറണാകുളം ജില്ലയിലെ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ നികുതി നിര്‍ണ്ണയം നടത്തുന്ന സ്‌പെഷ്യല്‍ സര്‍ക്കിളുകളില്‍ ദീര്‍ഘകാലം അസസിംഗ് ഓഫീസറായി ഇവര്‍ സേവനമനുഷ്ഠിച്ചു.

തുടര്‍ന്ന് 2020-ല്‍ ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ, സംസ്ഥാനത്ത് നടക്കുന്ന നികുതിവെട്ടിപ്പുകളില്‍ അന്തിമ നടപടിയെടുക്കാനും അനുമതി നല്‍കാനുമുള്ള അപരിമിതമായ അധികാരം ഇവരുടെ കൈകളില്‍ എത്തിച്ചേരുകയായിരുന്നു. ഇതോടെയാണ് അഴിമതിയുടെ വ്യാപ്തി വര്‍ദ്ധിച്ചത്.

തങ്ങള്‍ക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ കൊച്ചി തേവരയിലുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ പ്രധാന ഓഫീസിലും, പ്രജിനിയുടെ ഉടമസ്ഥതയിലുള്ള പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലും ശനിയാഴ്ച മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.

രാവിലെയോടെ ആരംഭിച്ച മാരത്തോണ്‍ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ് ഡോളറും (ഏകദേശം 75,000 ഇന്ത്യന്‍ രൂപ) നാല് സ്വര്‍ണ്ണനാണയങ്ങളും 190 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്.

വീട്ടില്‍ നിന്നും കണ്ടെടുത്ത വന്‍ തുക എറണാകുളം സൗത്തിലുള്ള സ്വന്തം ലോഡ്ജില്‍ നിന്നുള്ള ലാഭവിഹിതമാണെന്നും, വിദേശ കറന്‍സി യാത്രാ ആവശ്യത്തിന് കരുതിയതാണെന്നുമുള്ള പ്രജിനിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ അന്വേഷണ സംഘം ഉറപ്പിച്ചു.

ഈ വന്‍ തട്ടിപ്പിന്റെ ചുരുളഴിയാന്‍ കാരണമായത് വിജിലന്‍സിന് ലഭിച്ച ഒരു രഹസ്യ കത്തായിരുന്നു. ഒരു അഭിഭാഷകന്റെ പേരില്‍ എത്തിയ ആ കത്തിലെ വിവരങ്ങള്‍ വ്യാജ പേരില്‍ ഉള്ളതായിരുന്നുവെങ്കിലും, അതില്‍ ചൂണ്ടിക്കാണിച്ചിരുന്ന വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ അതീവ ഗൗരവത്തോടെയാണ് കണ്ടത്. കത്ത് ചവറ്റുകുട്ടയിലെറിയാതെ അതിന്മേല്‍ രഹസ്യ നിരീക്ഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു.

ആ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തില്‍, 2014 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ പ്രജിനി രാജ് രണ്ടേമുക്കാല്‍ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയായിരുന്നു. കൃത്യമായ ഡിജിറ്റല്‍ വിവരശേഖരണത്തിലൂടെയാണ് വിജിലന്‍സ് ഈ കണ്ടെത്തലില്‍ എത്തിയത്.

കൊച്ചി നഗരത്തിലെ പ്രമുഖ ബാര്‍ ഹോട്ടലുകളിലെ ജി.എസ്.ടി റിട്ടേണുകളും അവരുടെ യഥാര്‍ത്ഥ വിറ്റുവരവും തമ്മില്‍ ഭീമമായ വ്യത്യാസമുണ്ടെന്ന് കണ്ടിട്ടും നടപടിയെടുക്കാതെ വന്‍തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നു ഇവരുടെ പ്രധാന രീതി.

ബാര്‍ ഹോട്ടലുകള്‍ക്ക് പുറമെ നഗരത്തിലെ വന്‍കിട ടെക്‌സ്‌റ്റൈല്‍-ജ്വല്ലറി ഗ്രൂപ്പുകള്‍, നിര്‍മ്മാണ മേഖലയിലെ പ്രമുഖര്‍ എന്നിവരില്‍ നിന്നും മാസം തോറും കൃത്യമായി വന്‍ തുക പ്രതിഫലമായി കൈപ്പറ്റി നികുതിവെട്ടിപ്പിന് ഇവര്‍ കൂട്ടുനിന്നു.

വിജിലന്‍സ് അന്വേഷണം തനിക്കെതിരെ മുറുകുന്നു എന്ന് മനസ്സിലാക്കിയതോടെ രക്ഷപ്പെടാന്‍ പ്രജിനി രാജ് രാഷ്ട്രീയ-സര്‍വീസ് സംഘടനകളുടെ തണല്‍ തിരയുകയായിരുന്നു. ദീര്‍ഘകാലം ഭരണാനുകൂല ഇടതു സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (KGOA) അംഗമായിരുന്നു ഇവര്‍.

എന്നാല്‍, സ്വത്ത് വിവരം വ്യക്തമാക്കാന്‍ വിജിലന്‍സ് നല്‍കിയ അഞ്ച് നോട്ടീസുകള്‍ക്കും തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെ, സര്‍വീസ് സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാന്‍ ഈ മാസം ഏഴാം തീയതി കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.ജി.ഒ.യു-വില്‍ (KGOU) അംഗത്വം എടുത്തു.

പ്രജിനിയുടെ വസതിയില്‍ റെയ്ഡ് നടക്കുകയും വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും ചെയ്തതോടെ കെ.ജി.ഒ.യു ഇവരുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേസുകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ കടുത്ത നിലപാടോടെ പ്രജിനിയുടെ രാഷ്ട്രീയ കുടുമാറ്റം പൂര്‍ണ്ണമായും പാളിപ്പോയി.

എറണാകുളത്തെ തന്ത്രപ്രധാനമായ പദവികളില്‍ ദീര്‍ഘകാലം തുടരാന്‍ പ്രജിനിക്ക് സാധിച്ചത് വകുപ്പിലെ വടക്കന്‍ മേഖലയിലെയും ആസ്ഥാനത്തെയും ചില മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ജി.എസ്.ടി ഉന്നതരുടെയും അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്നും വിജിലന്‍സ് വിലയിരുത്തുന്നു. ഇത്തരക്കാരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു.

വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി എം.ജെ. സോജന്‍, ഡിവൈ.എസ്.പി എ.എല്‍. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വാറന്റോടെ റെയ്ഡിന് നേതൃത്വം നല്‍കിയത്. ഡയറക്ടറുടെ അടിയന്തര ഇടപെടലുകളും നിരീക്ഷണവുമാണ് അന്വേഷണത്തിന് കൃത്യമായ വേഗത നല്‍കിയത്.

പ്രജിനിയുടെ കസ്റ്റഡിയിലുള്ള ഡയറികള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍, വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിജിലന്‍സ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്റലിജന്‍സ് ഫയലുകളില്‍ നടത്തിയ കൃത്രിമത്വങ്ങള്‍ അറിയാന്‍ ഫോറന്‍സിക് പരിശോധനയും വരും ദിവസങ്ങളില്‍ നടക്കും.

സംസ്ഥാന ഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിപ്പണമാണ് ഉദ്യോഗസ്ഥ-വ്യവസായി അവിശുദ്ധ കൂട്ടുകെട്ടിലൂടെ ചോര്‍ന്നുപോയത്. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് നടത്തുന്ന ഈ ശക്തമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വരും ദിവസങ്ങളില്‍ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരിലേക്കും ജി.എസ്.ടി ആസ്ഥാനത്തെ വമ്പന്മാരിലേക്കും വ്യാപിപ്പിക്കുന്നതോടെ വകുപ്പില്‍ വന്‍ അറസ്റ്റുകള്‍ക്ക് വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.