റെയിൽവേ സ്റ്റേഷനുകളിൽ വാഹന പാർക്കിങ് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ദക്ഷിണ റെയിൽവേയുടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കോൺട്രാക്റ്റ് എടുത്തവരെ കേന്ദ്രീകരിച്ചാണ് സംയുക്ത പരിശോധന നടത്തിയത്.
വാഹന പാർക്കിങ് സേവനം കോൺട്രാക്ട് എടുത്ത 22 പേരുടെ പ്രധാന വ്യാപാരസ്ഥലങ്ങൾ, വസതികൾ എന്നിവയുൾപ്പെടെ 69 ഇടങ്ങളിൽ പരിശോധന നടന്നു. ഇവർ നികുതി റിട്ടേണുകളിൽ രേഖപ്പെടുത്തിയ ടേൺഓവർ യഥാർഥ സേവനങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ ഗണ്യമായി കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വകുപ്പ് വ്യക്തമാക്കി.
കൂടാതെ, ഒന്നിലധികം ക്യു.ആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയതായി പത്രക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
റെയിൽവേ പാർക്കിങ് മേഖലയ്ക്ക് പുറമെ കെ.എസ്.ആർ.ടി.സി, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിങ് സേവനങ്ങളുടെ വിവരങ്ങളും സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് കണ്ടെത്തുന്ന മേഖലകളിൽ പരിശോധനകൾ തുടരുമെന്നും വകുപ്പ് അറിയിച്ചു.
നികുതി വെട്ടിപ്പ് സംബന്ധിച്ച രഹസ്യവിവരങ്ങൾ inform.sgst@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ അന്വേഷണവും തുടർനടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.








