സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ കൂട്ട പിരിച്ചുവിടൽ തുടങ്ങി. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഇടതുപക്ഷ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ളവരുടെ കരാർ കാലാവധി ഒരുവർഷത്തിൽനിന്ന് രണ്ടുമാസമാക്കി ചുരുക്കിയിരുന്നു. പിരിച്ചുവിടലിനു മുന്നോടിയായി ഓരോ ജില്ലയിൽനിന്നും ജീവനക്കാരുടെ മികവു വിലയിരുത്തിയുള്ള റിപ്പോർട്ട് വാങ്ങിയിരുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻ.എച്ച്.എം) ആലപ്പുഴയിൽ മാത്രം 90 പേർക്ക് ജോലി നഷ്ടമായി. മെഡിക്കൽ ഓഫിസർമാർ, പി.ആർ.ഒമാർ, നഴ്‌സുമാർ, ക്ലറിക്കൽ ജീവനക്കാർ തുടങ്ങിയവർക്കാണ് ജോലിയില്ലാതായത്. ഇവരെല്ലാം വർഷങ്ങളായി ജോലിചെയ്യുന്നവരാണ്. ഇടത് അനുഭാവികൾ, ജോലിയിൽ മികവില്ലാത്തവർ, സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടവർ തുടങ്ങിയവരാണ് പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നത്.
എൻ.എച്ച്.എമ്മിലെ സി.ഐ.ടി.യു യൂനിയനിൽപ്പെട്ട ജില്ലാ പ്രസിഡന്റിനെ നിലനിർത്തിയപ്പോൾ സെക്രട്ടറിക്കു ജോലിപോയി. സംസ്ഥാനത്താകെ 1,495 പേർക്കാണ് ജോലി പോയത്. ഇവർക്ക് അപ്പീൽ നൽകാൻ അവസരം നൽകിയിട്ടുണ്ട്. നിലവിലുള്ളവർക്ക് 2027 മാർച്ചുവരെ തുടരാനാണ് അനുമതിയുള്ളത്. അതിനുശേഷം വീണ്ടും മികവു വിലയിരുത്തി രണ്ടാംഘട്ട പരിച്ചുവിടലുണ്ടാകുമെന്നാണ് സൂചന.
ആരോഗ്യനയം രൂപവത്കരിക്കൽ, ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാങ്കേതികസഹായം നൽകൽ, പദ്ധതികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും തുടങ്ങി ആരോഗ്യമേഖലയിലെ നിർണായക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സ്ഥാപനമാണിത്. പിരിച്ച് വിടൽ പേടിച്ച് സി.ഐ.ടി.യു യൂനിയനിൽപ്പെട്ട ഏറെപ്പേർ പുതുതായി രൂപീകരിച്ച വലതുപക്ഷ യൂനിയനിൽ ചേർന്നു. എന്നാൽ, ഇടത്തുനിന്ന് വലത്തേക്ക് എത്തിയവരും ജോലിപോയവരുടെ കൂട്ടത്തിലുണ്ട്.പിരിച്ചുവിടപ്പെട്ടവരിൽ 40-50 വയസു കഴിഞ്ഞവരുണ്ട്. സി.ഐ.ടി.യു യൂനിയൻ സർക്കാർ നടപടിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.








