വിവിധ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വാട്ട്സ്ആപ്പ് അധിഷ്ഠിത സേവന സംവിധാനവുമായി കേരള സർക്കാർ. 82814 99999 എന്ന വാട്ട്സ് ആപ്പ് നമ്പറിലൂടെയാണ് വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത്. ഓരോ വകുപ്പിന്റെയും വെബ്സൈറ്റിലും പ്രത്യേകം കയറി സേവനങ്ങൾ തേടേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, വാട്ട്സ്ആപ്പ് സംവിധാനത്തിലൂടെ ആവശ്യമായ സേവനം തിരഞ്ഞെടുക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങൾ ഉപയോഗിക്കാം.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള പൊതുജന പരാതി സമർപ്പിക്കൽ, പരാതിയുടെ നിലവിലെ വിവരം പരിശോധിക്കൽ തുടങ്ങിയ സൗകര്യങ്ങളും വാട്ട്സ്ആപ്പിലൂടെ ലഭിക്കും. ഇതിന് പുറമെ കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, വനം-വന്യജീവി വകുപ്പ്, കെ-ഫോൺ, വിജിലൻസ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങളും വാട്ട്സ്ആപ്പ് വഴി ലഭ്യമാക്കും. പരാതികൾ സമർപ്പിക്കാനും ബില്ലുകൾ അടയ്ക്കാനും സേവനങ്ങളുടെ സ്ഥിതി അറിയാനും അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുകയാണ് ലക്ഷ്യം.








