സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ യു.ഡി.എഫ് സര്‍ക്കാരിനെ ഇപ്പോള്‍ വിമര്‍ശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ പ്രതിസന്ധിയിലേക്ക് എത്തിച്ചതില്‍ മുന്‍ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും, അതിനാല്‍ നിലവിലെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരമൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിന്, കഴിഞ്ഞ പത്ത് വര്‍ഷം എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കുകൂടി പരിശോധിക്കണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി.
സര്‍ക്കാരിനെ വിമര്‍ശിക്കണമെന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. പ്രതിസന്ധിയുടെ കാരണങ്ങളെച്ചൊല്ലി മുന്‍ സര്‍ക്കാരിനും നിലവിലെ സര്‍ക്കാരിനുമെതിരെ വിവിധ രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.








