വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. അമുസ്ലിം നിയമനം ഉള്‍പെടെയുള്ള വിഷയത്തിലാണ് നിലപാട് അറിയിച്ചത്. സുപ്രിംകോടതി വിധിക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെ എന്ന് ചോദിച്ച ഹൈക്കോടതി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ അധികാരമെന്നും ചൂണ്ടിക്കാട്ടി.
പിഴവുകള്‍ പരിഹരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടന നടത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയും മാനദണ്ഡം പാലിച്ചും വഖഫ് ബോര്‍ഡ് പുനസംഘടന നടത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സുപ്രിംകോടതിയിലെ കേസിന്റെ വിധി പരിഗണിച്ച് അമുസ്‌ലിം അംഗത്വം തീരുമാനിക്കും. ശിയ, ബോറ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാന്‍ വഖഫ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്‌ലിംകളെ നിയമിക്കണം എന്നാണ് വ്യവസ്ഥ. സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ തല്‍ക്കാലം ആ പദവികള്‍ ഒഴിച്ചിടാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.






