ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കായിക വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. രഹസ്യസ്വഭാവമുള്ള ഈ റിപോര്‍ട്ടില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ ജനീഷ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് അര്‍ജന്റീന ടീമിനെ കൊച്ചിയില്‍ എത്തിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഇതിന്റെ ഭാഗമായി സ്പെയിന് സന്ദര്‍ശനം നടത്തുകയും കൊച്ചിയില്‍ ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം നടത്തുമെന്ന തരത്തില്‍ പ്രഖ്യാപനങ്ങള്‍ വരുകയും ചെയ്തിരുന്നു. സ്പോണ്‍സര്‍മാര്‍ വഴി വലിയ തുക ചെലവഴിച്ചതായി അവകാശവാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇതിന്റെ സാമ്പത്തിക ഇടപാടുകളിലോ ജിഎസ്ടി അടയ്ക്കുന്നതിലോ കൃത്യമായ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്നതില്‍ കടുത്ത അവ്യക്തത നിലനിന്നിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് കായിക വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കിയത്. കരാറുകളിലെ വ്യക്തതക്കുറവ് ഉള്‍പ്പെടെയുള്ള ഗൗരവകരമായ കണ്ടെത്തലുകളാണ് റിപോര്‍ട്ടിലുള്ളതെന്നാണ് വിവരം. അതേസമയം, വരുംകാലങ്ങളില്‍ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനേക്കാള്‍ ഉപരിയായി കേരളത്തിന്റെ സ്വന്തം മണ്ണില്‍ നിന്ന് മികച്ച ഫുട്ബോള്‍ പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.




