ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘റിയൽ ലൈഫ് ബാറ്റ്മാൻ’ ആയി ചിത്രീകരിച്ചുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രത്യക്ഷപ്പെട്ടു. ‘ദ സൈലന്റ് ഗാർഡിയൻ’, ‘എ വാച്ച്ഫുൾ പ്രൊട്ടക്ടർ’ എന്നീ വിശേഷണങ്ങളോടെയാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ബാറ്റ്മാന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
![]()
കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ പ്രവേശന കവാടത്തിന് സമീപവും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസിന് സമീപവുമാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. സംവിധാനത്തിലെ വീഴ്ചകൾക്കെതിരെ ശബ്ദമുയർത്തുന്ന നേതാവെന്ന രീതിയിലാണ് രാഹുൽ ഗാന്ധിയെ ‘സൈലന്റ് ഗാർഡിയൻ’ ആയി ചിത്രീകരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി നടത്തിയ ഇൻസ്റ്റഗ്രാം ‘ആസ്ക് മീ എനിത്തിങ്’ സെഷനുമായി ബന്ധപ്പെട്ടാണ് ബാറ്റ്മാൻ പരാമർശവും ശ്രദ്ധ നേടുന്നത്. ‘താങ്കൾ ബാറ്റ്മാനാണോ?’ എന്ന ചോദ്യത്തിന്, താനും ബാറ്റ്മാനും ഒരേ മുറിയിൽ ഒരുമിച്ച് കാണപ്പെട്ടിട്ടില്ലെന്ന രസകരമായ മറുപടിയാണ് രാഹുൽ നൽകിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ‘റിയൽ ലൈഫ് ബാറ്റ്മാൻ’ എന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്ററുകൾ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്.






