എൻഡിഎ മുന്നണി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ നേരത്തെ ആലോചന നടത്തിയിരുന്നെങ്കിലും കാലതാമസം ഉണ്ടായേക്കും എന്ന സൂചനകൾക്കിടയിലാണ് ഇത്തരത്തിൽ ഒരു ചർച്ച എൻഡിഎയിൽ നടക്കുന്നതെന്നാണ് വിവരം.
കേന്ദ്ര ഭരണപ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് എൻഡിഎ സർക്കാർ അധികാരത്തിലുള്ളത്. ഇതിൽ ചില സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. അവിടെ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകളാണ് എൻഡിഎയിൽ ചർച്ചയാകുന്നത്.
2029ന് ശേഷം കാലാവധി കഴിയുന്ന സംസ്ഥാനങ്ങളിൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളും ആലോചിക്കുന്നതായാണ് വിവരം. നിലവിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ജെപിസിയും രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിക്കുന്നുണ്ട്. ഇതിനിടയിലാണ് എൻഡിഎയിൽ ഇതുമായി ബന്ധപ്പെട്ട കൂടിയാലോചന ആരംഭിച്ചിരിക്കുന്നത്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ 2028ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും നടക്കുന്നുണ്ട്. ഇവിടെ അധികാരത്തിലെത്തിയാൽ നിയമസഭ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് എൻഡിഎക്കുള്ളിൽ നടക്കുന്ന ചർച്ച. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സാധ്യത കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് എൻഡിഎയുടെ പുതിയ നീക്കം.






