പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി വിട്ടുനിൽക്കുന്നുവെന്ന ആക്ഷേപത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭ ഇതുവരെ 12 ദിവസമാണ് സമ്മേളിച്ചതെന്നും എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒരു മിനിറ്റ് നേരം പോലും സഭാനടപടികളിൽ പങ്കെടുക്കാൻ ധൈര്യമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമിത് ഷാ വിട്ടുനിന്ന ദിവസങ്ങളുടെ പട്ടികയുമായാണ് കെ.സി. വേണുഗോപാൽ മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. അമിത് ഷാ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും എന്തിനാണ് ജനങ്ങളിൽനിന്ന് ഒളിച്ചോടുന്നതെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രി ഉത്തരം പറഞ്ഞേതീരൂവെന്നും കെ.സി പ്രതികരിച്ചു.
പാർലമെന്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിനെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവനയെയും വേണുഗോപാൽ പരിഹസിച്ച് തള്ളി. പാർലമെന്റിലെ ഏറ്റവും വലിയ തമാശ കിരൺ റിജിജുവിന്റെ പ്രസ്താവനയാണ്. ആഭ്യന്തരമന്ത്രി സഭയിൽ വരുന്നതിൽനിന്ന് ആരാണ് തടഞ്ഞതെന്നും മറുചോദ്യം ഉന്നയിച്ചു. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറിന്റെ മന്ത്രിമാരെല്ലാം ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





