Top Banner

ആർഎസ്എസിനെ ‘ലക്ഷ്യം’ വച്ചുള്ള ബില്ലുമായി കർണാടക; അംഗീകാരം നൽകി മന്ത്രിസഭ

സർക്കാർ ഉടമസ്ഥതയിലെ വസ്തുക്കളും സ്ഥലങ്ങളും സ്വകാര്യപരിപാടികൾക്കായി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ആർ.എസ്.എസിനെ വരുതിയിലാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമെന്ന് വിലയിരുത്തപ്പെടുന്ന പുതിയ ബില്ല് പ്രകാരം, പൊതുസ്ഥലങ്ങളും സർക്കാർ വക സ്ഥലങ്ങളും ഏതെങ്കിലും പരിപാടികൾക്കായി ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകളും കൂട്ടായ്മകളും സർക്കാറിന്റെ മുൻകൂർ അനുമതി തേടണം.

ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ കൊണ്ടുവന്ന ‘കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രിമൈസസ് ആൻഡ് പബ്ലിക് പ്രോപർട്ടി ബില്ല്, 2026’ നടപ്പു നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. സർക്കാർ വക സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉപയോഗിക്കാൻ ഏതെങ്കിലും സ്വകാര്യ സംഘടനകൾക്കോ ​​വ്യക്തികൾക്കോ ​​മുൻകൂർ അനുമതി നിർബന്ധമാക്കി 2025 ഒക്ടോബർ 18ന് പുറപ്പെടുവിച്ച ഓഡിനൻസിന് പകരമായാണ് ബില്ല് കൊണ്ടുവരുന്നത്.

 

ഈ ഉത്തരവിൽ ആർ.എസ്.എസിന്റെ പേര് നേരിട്ട് പരാമർശിച്ചിരുന്നില്ലെങ്കിലും, റൂട്ട് മാർച്ച് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയാണുണ്ടായത്.

പരിപാടികൾ നടത്തുന്നതിന് മൂന്ന് ദിവസം മുമ്പ് സർക്കാർ അനുമതി തേടണമെന്നായിരുന്നു ഓഡിനൻസിലെ വ്യവസ്ഥ. രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ ഏത് സ്വകാര്യ സംഘടനകൾക്കും സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും ക്ലബ്ബുകൾക്കും ഇത് ബാധകമായിരുന്നു.

 

ആർ.എസ്.എസിനെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ദിവസങ്ങൾക്കകമാണ് പ്രിയങ്ക് ഖാർഗെ പുതിയ ബില്ല് മന്ത്രിസഭയിൽ കൊണ്ടുവന്നത്. ജൂണിൽ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം, ആർ.എസ്.എസിന്റെ നിയമപരമായ പദവിയും വരുമാന സ്രോതസ്സുകളും മറ്റും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക്, ആർ.എസ്.എസ് മേധാവി (സർസംഘചാലക്) മോഹൻ ഭാഗവതിന് കത്ത് അയച്ചിരുന്നു.

 

അതേസമയം, പുതിയ ബില്ലിന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കിയത്. ‘ആരൊക്കെയാണെങ്കിലും ഏത് പരിപാടിക്കും മുൻകൂർ അനുമതി വേണമെന്നാണ് ഞങ്ങൾ പറയുന്നത്. ബംഗളൂരുവിലായാലും മറ്റെവിടെയായാലും അനുമതി ആവശ്യമാണ്’ – ശിവകുമാർ പറഞ്ഞു.

സർക്കാർ ഭൂമി, കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, റോഡുകൾ, മറ്റ് പൊതു ആസ്തികൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കാനും ദുരുപയോഗം തടയാനും പുതിയ ബില്ല് നിയമപരമായ ചട്ടക്കൂട് നൽകുന്നുണ്ടെന്ന് പ്രിയങ്ക് ഖാർഗെ പിന്നീട് ‘എക്സി’ൽ കുറിച്ചു. ഇത് ഏതെങ്കിലും പ്രത്യേക സ്ഥാപനത്തെയോ സംഘടനയെയോ ക്ലബ്ബിനെയോ യൂനിയനെയോ എൻ.ജി.ഒയെയോ തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് എല്ലാവരും കരുതുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.