രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്), വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌രംഗ്ദൾ എന്നീ സംഘടനകളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആർ.എസ്.എസ് പ്രചാരക് കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രിമാർക്ക് കത്തയച്ചു. വർഷങ്ങളോളം സംഘപരിവാർ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന യശ്വന്ത് ഷിൻഡെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പുകൾക്കും ഔദ്യോഗികമായി പരാതി നൽകിയത്.
രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകർക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനും വേണ്ടി ഇത്തരം സംഘടനകൾ ബോധപൂർവം പ്രവർത്തിക്കുന്നുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. മുൻപ് രാജ്യത്ത് നടന്ന വിവിധ ബോംബ് സ്ഫോടന കേസുകളിലും വിദ്വേഷ അക്രമങ്ങളിലും സംഘപരിവാർ നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, ആയതിനാൽ ഈ സംഘടനകളെ യു.എ.പി.എ (UAPA) പോലുള്ള കടുത്ത നിയമങ്ങൾ ചുമത്തി നിരോധിക്കണമെന്നുമാണ് പ്രധാന ആവശ്യം.
സംഘപരിവാർ സംഘടനകൾ രാജ്യത്തുടനീളം നടത്തിയ ബോംബ് നിർമ്മാണ ക്യാമ്പുകളെക്കുറിച്ചും ആസൂത്രിത ആക്രമണങ്ങളെക്കുറിച്ചും യശ്വന്ത് ഷിൻഡെ മുൻപും വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തീവ്രവാദ പ്രവർത്തനങ്ങളെ ആയുധമാക്കുന്ന ഇത്തരം സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്






