Top Banner

വിജിലൻസ് അന്വേഷണം: ‘യൂദാസുമാരുടെ’ മുഖംമൂടികൾ സമയമാകുമ്പോൾ ജനങ്ങൾക്ക് മുന്നിൽ അഴിഞ്ഞുവീഴുമെന്ന് പി.പി. ദിവ്യ

സിപിഎം നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായി പി.പി. ദിവ്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. പി.പി. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാറുകൾ കൈമാറി എന്ന ആരോപണത്തിലാണ് അന്വേഷണം. ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നും ആരോപണമുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടത്തും. കെഎസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം.

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകളിലും അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി  പി.പി. ദിവ്യ രംഗത്തെത്തി.  വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി ഫേസ്ബുക്ക് കുറിപ്പിൽ അവർ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്ന് മറുതോണിയിൽ പിന്തുണ നൽകുന്ന ‘യൂദാസുമാരുടെ’ മുഖംമൂടികൾ സമയമാകുമ്പോൾ ജനങ്ങൾക്ക് മുന്നിൽ അഴിഞ്ഞുവീഴുമെന്നും അവർ കുറിച്ചു.

“ഉപ്പ് തിന്നവർ വെള്ളം കുടിക്കും, ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും”, അന്വേഷണം നടക്കട്ടെയെന്നും ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും കുറിച്ചു. തന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ അത് പരാതിക്കാരനായ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും തയ്യാറാണെന്ന് അവർ വെല്ലുവിളിച്ചു. ഭർത്താവിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ബാങ്ക് വായ്പയെടുത്ത് വാങ്ങിയ 50 സെന്റ് ഭൂമിയും ഒരു കാറും ഇരുചക്രവാഹനവും അല്ലാതെ മറ്റ് അനധികൃത സമ്പാദ്യങ്ങളൊന്നുമില്ലന്നും കുറിപ്പിൽ പറയുന്നു.

ജില്ല പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളതെന്നും 25 കോടിയുടെ അഴിമതിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും വേട്ടയാടലിനും ഒരറുതി വേണമെന്നും അന്വേഷണം പേടിച്ച് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഷമ്മാസിന്റെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും വ്യക്തമാക്കിയാണ് പി.പി. ദിവ്യ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്

 

 

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.