മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയെ ചൊല്ലി വിവാദം. വ്യക്തിപരമായ ആവശ്യത്തിനായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതെന്നാണ് ആരോപണം.
അടിയന്തര സാഹചര്യങ്ങളിലോ ദുരന്തനിവാരണ ആവശ്യങ്ങള്‍ക്കോ മാത്രമേ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാവൂ എന്നിരിക്കെ, വ്യക്തിപരമായ ആവശ്യത്തിന് അത് വിനിയോഗിച്ചതായി പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. മുന്‍മന്ത്രി എം.ബി. രാജേഷും എം.എല്‍.എ വി. ശിവന്‍കുട്ടിയും ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രി രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് എം.ബി. രാജേഷ് ആരോപിച്ചത്. അതേസമയം, ഹെലികോപ്റ്റര്‍ യാത്രയ്ക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരികെ ഇറങ്ങേണ്ടിവന്ന സംഭവത്തെ പരാമര്‍ശിച്ച് ‘ഹെലികോപ്റ്ററില്‍ യുടേണ്‍’ എന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ വിമര്‍ശനം.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതിനെ ദുര്വ്യയമെന്ന് വിശേഷിപ്പിച്ച വി.ഡി. സതീശന്, അധികാരത്തിലെത്തിയശേഷം അതേ രീതിയിലുള്ള യാത്ര നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. സംഭവത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






