യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ടിട്ടും ബോർഡ്- കോർപറേഷൻ സ്ഥാനങ്ങൾ വീതംവയ്ക്കാത്തതിലുള്ള അമർഷം കണക്കിലെടുത്ത് കോൺഗ്രസ് നേതൃത്വം ചർച്ച പുനരാരംഭിച്ചതോടെ ഘടകകക്ഷികൾ സമ്മർദവുമായി രംഗത്ത്.
അവകാശവാദങ്ങളുമായി ഘടകകക്ഷികൾ നിലകൊള്ളുമ്പോൾ കൂടുതൽ എം.എൽ.എമാരുള്ള പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് കൂടുതൽ പദവികൾ വേണമെന്ന പ്രതിരോധമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനങ്ങൾ സംബന്ധിച്ച പട്ടിക ഘടകകക്ഷികൾ കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇവയിൽ ഏതെല്ലാം നൽകണമെന്ന കാര്യത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ് ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനത്തിന് പുറമെ ഒരു കാബിനറ്റ് പദവി കൂടി ലഭിച്ച സാഹചര്യത്തിൽ 20 സ്ഥാനങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇതുസംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ അന്തിമഘട്ടത്തിലാണ്. മുസ് ലിം ലീഗ് നേതാവ് എം.കെ മുനീറിനും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും കാബിനറ്റ് പദവി ലഭിച്ചതോടെ മുന്നണിയിലെ മുതിർന്ന നേതാവായ പി.ജെ ജോസഫിന് വയോജന കമ്മിഷൻ ചെയർമാൻ സ്ഥാനം കാബിനറ്റ് പദവിയോടെ ലഭിക്കണമെന്നാണ് കേരള കോൺഗ്രസിന്റെ സമ്മർദം. കൂടാതെ 20 സ്ഥാനങ്ങളാണ് ഇവരുടെ ആവശ്യം. എന്നാൽ, ഏഴ് ബോർഡ് ചെയർമാൻ പദവികളും ഒരു കാബിനറ്റ് പദവിയും നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. കാബിനറ്റ് പദവി ഏതെന്ന കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. മന്ത്രി മോൻസ് ജോസഫുമായി മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. 15 അധ്യക്ഷസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന ആർ.എസ്.പിക്ക് മൂന്ന് ചെയർമാൻസ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് നിലപാട്.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 10 പദവികളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതിരുന്ന മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാൻ സ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സി.എം.പി , ജെ.എസ്.എസ് ഉൾപ്പടെയുള്ള ഘടകകക്ഷികളും മുന്നണിയിലെ അസോഷ്യേറ്റ് അംഗത്വമുള്ള പി.വി അൻവർ ഉൾപ്പടെയുള്ള ചിലരും പദവികൾ പ്രതീക്ഷിക്കുന്നുണ്ട്.
ഒറ്റ എം.എൽ.എ മാത്രമുള്ള പാർട്ടികൾക്ക് ഉൾപ്പെടെ ഓരോ അധ്യക്ഷസ്ഥാനം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. 62 എം.എൽ.എമാർ തനിച്ചുള്ളതിനാൽ കൂടുതൽ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കോൺഗ്രസിലെ മത്സരിക്കാത്ത നേതാക്കൾക്ക് അർഹമായ പരിഗണന നൽകാൻ പദവികൾ കോൺഗ്രസ് തന്നെ കൈവശംവയ്ക്കണമെന്ന പൊതുധാരണയാണ് കോൺഗ്രസിനുള്ളിൽ.








