വരാനിരിക്കുന്ന പുരുഷ-വനിതാ ഹോക്കി ലോകകപ്പുകൾക്കായി ഇന്ത്യൻ ടീമിന്റെ ജേഴ്സി നിറം മാറുന്നു. പരമ്പരാഗത നീലയ്ക്ക് പകരം കാവി നിറത്തിലുള്ള പുതിയ ജേഴ്സി അവതരിപ്പിച്ചതോടെ വിവാദം കൊഴുക്കുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഒളിമ്പ്യനുമായ വിരൻ റസ്ക്വിനയാണ് ആദ്യം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഹോക്കി ഇന്ത്യയും എത്തി.
സമൂഹമാധ്യമമായ എക്സിലൂടെയാണ് റസ്ക്വിന നിരാശ പങ്കുവെച്ചത്. “ഹോക്കി ഇന്ത്യ ഇന്ത്യൻ ഹോക്കിക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇത് അത്യന്തം നാണംകെട്ട തീരുമാനമാണ്. ഇന്ത്യൻ ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും എപ്പോഴും ‘നീല’ ആയിരുന്നു. വർഷങ്ങളോളം ഏറെ അഭിമാനത്തോടെയാണ് ഞാൻ നീല ജേഴ്സി അണിഞ്ഞത്. ആരാധകർക്ക് നമ്മുടെ ടീമിനെ കാണേണ്ടത് നീല ജേഴ്സിയിലാണ്. ഓറഞ്ച് നിറത്തിന് പിന്നിലെ യുക്തി എന്താണ്?”
പോസ്റ്റിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് മറുപടിയായും അദ്ദേഹം രംഗത്തെത്തി. താൻ പാരമ്പര്യത്തെയും അഭിമാനത്തെയും കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ഫുട്ബോളിൽ അർജന്റീന അവരുടെ ഐക്കണിക് ജേഴ്സി മാറ്റാൻ തയ്യാറാകുമോ എന്നും റസ്ക്വിന ചോദിച്ചു.
ലോക്സഭയിൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി എം.പിയും രംഗത്തെത്തി. ബി.ജെ.പി-ആർ.എസ്.എസ് സഖ്യം രാജ്യത്ത് എത്രത്തോളം വെറുപ്പും വിദ്വേഷവും അക്രമവും പ്രചരിപ്പിച്ചാലും സഹോദര്യത്തിലും ഒരുമയിലും അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മാവിനെ മാറ്റാൻ കഴിയില്ലെന്ന് പ്രിയങ്ക വിമർശിച്ചു. പാർലമെന്റ് സമുച്ചയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
വസ്ത്രവും ചരിത്രവും ബി.ജെ.പിക്ക് മാറ്റാൻ സാധിച്ചേക്കും. എന്നാൽ രാജ്യത്തിന്റെ ആത്മാവിനെ ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്സി മാറ്റി കാവി നിറത്തിലുള്ള പുതിയ കിറ്റ് അവതരിപ്പിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
“അവർക്ക് യൂണിഫോം മാറ്റാം, പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കാം, അവർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. എന്നാൽ ഇതേക്കുറിച്ച് രാജ്യത്തെ യുവാക്കൾ എന്താണ് ചിന്തിക്കുന്നതെന്ന് ജന്തർ മന്തറിൽ ഉയർന്ന പ്രതിഷേധ ശബ്ദങ്ങളിൽനിന്ന് വ്യക്തമാണ്,” അവർ പറഞ്ഞു.
വിവാദം കനത്തതോടെയാണ് ഹോക്കി ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കോച്ചുകളിൽ നിന്നും കളിക്കാരിൽ നിന്നും ലഭിച്ച സാങ്കേതിക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. നീല ടർഫിൽ നീല ജഴ്സി ധരിച്ച് കളിക്കുമ്പോൾ കാണികൾക്കും സംപ്രേഷകർക്കും കളിക്കാരെ തിരിച്ചറിയാൻ പ്രയാസമുണ്ടാകുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് മഞ്ഞ, കാവി തുടങ്ങിയ ബദൽ നിറങ്ങൾ ആലോചിച്ചത്. തുടർന്നാണ് കാവി നിറം ഉറപ്പിച്ചത്.സാങ്കേതിക ആവശ്യങ്ങൾക്കൊപ്പം ദേശീയപതാകയിലെ പ്രധാന നിറങ്ങളിലൊന്നായ കാവിക്ക് വലിയ സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഹോക്കി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.






