നഗരത്തിലെ സ്പാ കേന്ദ്രത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കൺട്രോൾ റൂം എസിപിക്ക് കൈമാറി. കോവളം സിഐ ഉൾപ്പെടെ 16 പേരടങ്ങുന്ന പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
പെൺകുട്ടി കൂടുതൽ പേരുടെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സ്പാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പാ കേന്ദ്രം ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും സ്ഥാപനത്തിൽനിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ അനുരൂപിനെ ചുമതലയിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.
16 വയസുകാരിയെ തിരുവനന്തപുരത്തെത്തിച്ചത് കേസിലെ മറ്റൊരു പ്രതിയും സ്പാ ഉടമയുമായ സജിത്താണെന്നാണ് വിവരം. പെൺകുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബെംഗളൂരുവിലുള്ള ഒരു യുവതിയാണെന്നും തുടർന്ന് കുടുംബത്തെ കോവളത്തെത്തിക്കുകയായിരുന്നുവെന്നുമാണ് വിവരം. കേസിൽ മനുഷ്യക്കടത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി







