സിഎംആര്‍എല്‍- എക്സാലോജിക് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. മാസപ്പടി കേസിൽ പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്
പിണറായി വിജയന് അടക്കമുള്ളവര്‍ നല്കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി വിജയന് പുറമെ, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരായിരുന്നു മറ്റ് ഹര്‍ജിക്കാര്‍.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്ഐടി റദ്ദാക്കി, ഇഡി നല്കിയ കത്തില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കെഎം ഷാജഹാനാണ് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്. സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി തടയല്‍ നിയമപ്രകാരമാണ് പിണറായിക്കെതിരെ കേസെടുത്തിട്ടുള്ളത്.
അതിനിടെ സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിജിലൻസ് എഫ്ഐആറിന്റെ ചുവട് പിടിച്ച് രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ്. അഴിമതി, ഹവാല ആരോപണങ്ങളിൽ നേരത്തേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസെടുത്തിരിക്കുന്നത്.






