കേരളത്തിൻ്റെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനം ഇന്നലെ അർധരാത്രി നിലവിൽ വന്നു. പാലക്കാട് റെയിൽവേ ഡിവിഷൻ്റെ പ്രധാന വരുമാന മാർഗമായ മംഗളൂരു സെൻട്രൽ, പനമ്പൂർ റെയിൽവേ സ്റ്റേഷനുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാഗമായി.
ഡിവിഷൻ വിഭജനം പൂർത്തിയായെങ്കിലും ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈൻ അടക്കമുള്ള സൗകര്യം ഒരുങ്ങുന്നത് വരെ പാലക്കാട് ഡിവിഷന് കീഴിലുള്ള 1600ഓളം ജീവനക്കാർ മംഗളൂരുവിൽ തന്നെ തുടരും.
ഡിവിഷൻ വിഭജനത്തോടെ പാലക്കാട് ഡിവിഷനിൽ പിറ്റ് ലൈൻ സൗകര്യം ഇല്ലാതായി. കണ്ണൂരിൽ ഒരു പിറ്റ് ലൈൻ റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഇത് പ്രവർത്തനം തുടങ്ങുന്നത് വരെ നിലവിലുള്ള ജീവനക്കാർ മംഗളൂരുവിൽ തന്നെ തുടർന്നേക്കും. കണ്ണൂരിൽ പിറ്റ് ലൈൻ തുടങ്ങിയാൽ തന്നെ എൺപതോളം ജീവനക്കാരെയാണ് ആവശ്യമായി വരിക.
ടിക്കറ്റിങ്, എൻജിനിയറിങ്, ട്രെയിൻ എക്സാമിനേഷൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ട്രാക്ക് മാസ്റ്റർ, ഓപറേറ്റിങ്, കൊമേഴ്സ്യൽ, ഗാർഡ്, ലോക്കോ പൈലറ്റ്, ഹെൽത്ത്, ടെലിഫോൺ ആൻഡ് സിഗ്നൽ, ഡ്രഡ്ജിങ് തുടങ്ങി 14 ഡിപ്പാർട്ടുമെൻ്റുകളിലായി 1600ഓളം റെയിൽവേ ജീവനക്കാരാണ് മംഗളൂരുവിൽ ജോലി ചെയ്യുന്നത്.
നിലവിൽ മംഗളൂരുവിലുള്ള ലോക്കോ പൈലറ്റ് ഡിപ്പോ, ഗാർഡ് ക്രൂ ഡിപ്പോ എന്നിവ കണ്ണൂരിലേക്കു മാറ്റാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. പാലക്കോട് ഡിവിഷൻ വിഭജനം ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നതു ജീവനക്കാർക്ക് തന്നെയാണ്.
ഏതു ഡിവിഷനിൽ തുടരണമെന്നു തീരുമാനിക്കാൻ ജീവനക്കാരിൽ നിന്ന് ഓപ്ഷൻ ക്ഷണിച്ചെങ്കിലും വിവിധ ഡിപ്പാർട്ട്മെൻ്റുകളിൽ ആവശ്യത്തിനു തസ്‌തികകൾ പാലക്കാട് ഡിവിഷനിൽ ഇല്ലാത്തതിനാൽ ജീവനക്കാർക്ക് ഇവിടേക്ക് മാറാൻ കഴിയില്ല.
റെയിൽവേ പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരേ കേരളത്തിലെ എം.പിമാർക്ക് യോജിച്ച സമരവും നടത്താൻ കഴിഞ്ഞിട്ടില്ല.
തിരുവോണ നാളിൽ മലബാറിലെ യു.ഡി.എഫ് എം.പിമാർ റെയിൽവേ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹം നടത്തിയതല്ലാതെ ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.








