കേരളത്തിലെ പ്രധാന ട്രെയിന്‍ സര്‍വീസുകളായ മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ സ്ഥിരമായി അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. തിരക്ക് പരിഹരിച്ച് യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് ഈ നടപടി.
മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസില്‍ (16603) സെപ്റ്റംബര്‍ 30 മുതല്‍ പുതിയ സ്ലീപ്പര്‍ കോച്ച് നിലവില്‍ വരും. തിരിച്ച് തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസില്‍ (16604) ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഈ സൗകര്യം ലഭ്യമാകും. ഇതോടെ ഈ ട്രെയിനിലെ ആകെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തായി ഉയരും. ഇതിനുപുറമേ എസി, ജനറല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചുകളും ഈ സര്‍വീസിലുണ്ട്.
മംഗളൂരു -തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ (16630) സെപ്റ്റംബര്‍ 28 മുതല്‍ തന്നെ ഒരു സ്ലീപ്പര്‍ കോച്ച് അധികമായി ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ് (16629) സെപ്റ്റംബര്‍ 29 മുതല്‍ ഈ മാറ്റത്തോടെയാണ് സര്‍വീസ് നടത്തുന്നത്. മലബാര്‍ എക്സ്പ്രസിലെയും സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തായി വര്‍ധിച്ചിട്ടുണ്ട്.
കൂടാതെ, താംബരം -കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ (22657/22658) ഒക്ടോബര്‍ 4 മുതല്‍ എസി, സ്ലീപ്പര്‍, ജനറല്‍ വിഭാഗങ്ങളിലായി കൂടുതല്‍ കോച്ചുകള്‍ സ്ഥിരമായി അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലും (22207/22208) ഒക്ടോബര്‍ രണ്ട്, നാല് തീയതികള്‍ മുതല്‍ രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍ വീതം അധികമായി ചേര്‍ക്കും.








