സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്സി ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നീങ്ങി പ്രത്യേക അന്വേഷണ സംഘം. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കം.
പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ എസ്ഐടി സംശയം ഉന്നയിക്കുന്നുണ്ട്. പിഎസ്സി ചെയർമാനും അംഗങ്ങളും സംശയനിഴലിലാണ്. ഉത്തരക്കടലാസുകൾ പരിശോധിച്ച് ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ വിവരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി സെക്രട്ടറിക്ക് എസ്ഐടി മേധാവി കത്ത് നൽകി. പിഎസ്സിക്കെതിരായ പരാതികളിൽ അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനിച്ചു.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ നടന്നത് വൻ ആസൂത്രിത ഗൂഢാലോചനയാണെന്ന് എസ്ഐടി സ്ഥിരീകരിക്കുന്നു. സി.പി.എം അനുകൂലിയായ ഒരാളെ ഒന്നാം റാങ്കിൽ എത്തിക്കാനാണ് ക്രമക്കേട് നടന്നത് എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഇതോടെ ഈ ഉദ്യോഗാർത്ഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ 50 ഓളം മാർക്ക് നഷ്ടമായി.
ഇതിന്റെ ഫലമായി രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തി. എല്ലാ ചോദ്യങ്ങൾക്കും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽ പോലും ഇടം പിടിക്കില്ലായിരുന്നെന്നും എസ്ഐടി വ്യക്തമാക്കി. ഇയാളെ ഒന്നാം റാങ്കിൽ എത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കെടുത്ത ഗൂഢാലോചനയാണ് അട്ടിമറിക്ക് പിന്നിലെന്നാണ് സംശയം.
പരീക്ഷാ ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക് ചെയ്യാൻ എസ്ഐടി നിർദേശം നൽകി. മൂല്യനിർണയം നടത്തിയതിന്റെ പരിശോധനയ്ക്കാണ് ഈ ഇടപെടൽ. പരീക്ഷാ രേഖകളുടെ സർട്ടിഫൈഡ് കോപ്പിക്കായി ക്രൈംബ്രാഞ്ച് ഉടൻ പിഎസ്സിക്ക് കത്ത് നൽകും. ഉത്തരക്കടലാസ്, ഉത്തരസൂചിക, മറ്റ് പരീക്ഷാ അനുബന്ധ രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ആവശ്യപ്പെടുക. 90 പരീക്ഷകളിലെ പരാതികളിലും പരിശോധന ഉടൻ ആരംഭിക്കും. പരാതികൾ വിശദമായി പരിശോധിച്ച് കേസെടുക്കാനാണ് എസ്ഐടിയുടെ നീക്കം





