Top Banner

പ്രതിപക്ഷം യുവാക്കളെ വഴിതെറ്റിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി

രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും ‘രാഷ്ട്രീയ ആയുധങ്ങളായി’ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സാമൂഹികമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നിർഭാഗ്യകരമാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യയിലെ വിവേകശാലികളായ യുവാക്കൾ ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ തിരിച്ചറിയുമെന്നും അവർ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാത തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കാനും നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏത് വിഷയത്തിലും അർത്ഥവത്തായ സംവാദത്തിന് സർക്കാർ തയ്യാറാണ്. എന്നാൽ, വിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുന്നതിന് പകരം തെരുവിലേക്ക് വലിച്ചിഴയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് ആത്മാർഥതയുണ്ടെങ്കിൽ വർഷകാല സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കാതെ, പാർലമെന്റിനുള്ളിൽ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. നീറ്റ് ക്രമക്കേടുകളെക്കുറിച്ച് ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയിരുന്നു. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഉറച്ചുനിന്നതോടെ രാജ്യസഭാനടപടികൾ തടസ്സപ്പെടുകയും സഭ നിർത്തിവെക്കുകയും ചെയ്തു.

 

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.