കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായുള്ള സൗജന്യ യാത്രാ പദ്ധതി വരും തിങ്കളാഴ്ച മുതൽ ആരംഭിക്കും. പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. യാതൊരുവിധ നിബന്ധനകളുമില്ലാത്ത സൗജന്യ യാത്രയാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലേത് പോലുള്ള നിയന്ത്രണങ്ങൾ ഇവിടെ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
യാത്രാ സൗജന്യം ഓർഡിനറി ബസുകളിൽ മാത്രം
കെഎസ്ആർടിസിയുടെ നിലവിലുള്ള സർവീസുകളിൽ 68 ശതമാനവും ഓർഡിനറി ബസുകളാണ്. അതിനാൽ തന്നെ ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര വലിയൊരു വിഭാഗത്തിന് പ്രയോജനപ്പെടും. യാത്രയ്ക്കായി സ്ത്രീകളിൽ നിന്നോ ട്രാൻസ്ജെൻഡർ വിഭാഗക്കാരിൽ നിന്നോ യാതൊരുവിധ തിരിച്ചറിയൽ രേഖകളും (ID Card) ആവശ്യപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വരുമാനം കൂട്ടാൻ പരസ്യങ്ങളും സ്പോൺസർഷിപ്പും; ഗ്രാമവണ്ടികൾ 500 ആക്കും
കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുന്നതിനായി ചെലവ് കുറയ്ക്കലാണ് ആദ്യ ലക്ഷ്യം. പുതിയ ബസുകൾ വാങ്ങുന്നതിനൊപ്പം സ്പോൺസർഷിപ്പ് വഴി കൂടുതൽ ബസുകൾ കണ്ടെത്താനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. താല്പര്യമുള്ള ആർക്കും കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങി നൽകാം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ‘ഗ്രാമവണ്ടി’ സർവീസുകൾ നിലവിലെ 58-ൽ നിന്നും 500 എണ്ണമായെങ്കിലും ഉയർത്തും. കൂടാതെ ബസുകളിലെ പരസ്യ വരുമാനം ഗണ്യമായി വർധിപ്പിക്കാനും പദ്ധതിയുണ്ട്.
ഡിപ്പോകൾക്ക് ജനകീയ പങ്കാളിത്തം; തദ്ദേശ സ്ഥാപനങ്ങൾക്കും ചുമതല
സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുക എന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ചുമതലയാക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. അതോടൊപ്പം കെഎസ്ആർടിസി ഡിപ്പോകൾക്ക് ജനകീയ ഉടമസ്ഥത (ഓണർഷിപ്പ്) കൊണ്ടുവരും. ഇതിൽ പ്രദേശത്തെ എംപിമാർക്കും എംഎൽഎമാർക്കും സജീവ പങ്കാളിത്തം ഉറപ്പാക്കും. മലബാറിലെ ബസ് സർവീസുകളുടെ കുറവ് പരിഹരിക്കാൻ ഘട്ടംഘട്ടമായി പുതിയ ബസുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകളുമായി മത്സരത്തിനില്ല
സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസുടമകൾക്കുള്ള ആശങ്കകളെക്കുറിച്ച് പഠിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നിലവിൽ വരുന്നതോടെ കെഎസ്ആർടിസിയുടെ കളക്ഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആദ്യം വിലയിരുത്തും. സ്വകാര്യ ബസുകളുമായി മത്സരയോട്ടത്തിന് കെഎസ്ആർടിസി മുതിരില്ല. ഏതെങ്കിലും റൂട്ടിൽ സ്വകാര്യ ബസ് ഓടുന്നുണ്ടെങ്കിൽ അതിന് തൊട്ടുപിന്നാലെ കെഎസ്ആർടിസി സർവീസ് നടത്തില്ലെന്നും, സമാനമായ സഹകരണം സ്വകാര്യ ബസുടമകളിൽ നിന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു.

ഒരു കോടിയുടെ ഭാഗ്യശാലി ആകണ്ടേ? ഭാഗ്യതാര ലോട്ടറി BT 55 ഫലം ഇന്ന്




