സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
‘ബസ്സിന് പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്‌കൂളുകളിൽ ഇപ്പോഴും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഫീസ് കൊടുക്കേണ്ടാത്ത സ്വകാര്യ സ്‌കൂളുകളിൽ പോലും വിടാതെയാണ് പൈസ കൊടുത്ത് സ്വകാര്യ സ്‌കൂളിലേക്ക് വിടുന്നത്. ആശുപത്രിയുടെ കാര്യം വന്നാൽ ഇതേ സ്ത്രീ തന്റെ അച്ഛനേയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുകയാണ്. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നാൽ സ്ത്രീകൾ തിക്കി തിരക്കി പോകുന്നതിന്റെ കാരണം കുടുംബിനികളുടെ കൈയിൽ കാശില്ലെന്ന യാഥാർഥ്യമാണ് ഞങ്ങൾ പഠിക്കുന്നത്.’ – എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ






