സംസ്ഥാന സർക്കാരിന്റെ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യദിനം കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകളുടെ വൻ തിരക്ക്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് 5.95 ലക്ഷം സ്ത്രീ യാത്രികരാണ് ഇന്നലെ അധികമായി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്. ഇതോടെ ആദ്യദിനം സൗജന്യ യാത്ര ആനുകൂല്യം പ്രയോജനപ്പെടുത്തിയ ആകെ സ്ത്രീകളുടെ എണ്ണം 13.29 ലക്ഷമായി ഉയർന്നു.
അതേസമയം, ബസുകളിൽ സ്ത്രീകളുടെ തിരക്ക് വർദ്ധിച്ചതോടെ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായി. തിരക്ക് കാരണം പല റൂട്ടുകളിലും പുരുഷന്മാർക്ക് ബസുകളിൽ കയറാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.
യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെങ്കിലും സൗജന്യ പദ്ധതിയായതിനാൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനത്തെ ഇത് ദോഷകരമായി ബാധിച്ചു. ആദ്യദിനം മാത്രം കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും തിരക്ക് തുടരുകയാണെങ്കിൽ പുരുഷന്മാരുടെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തേണ്ടി വരും






