സംസ്ഥാനത്തെ പിഎസ്സി പരീക്ഷകളില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ന് മൂന്ന് പുതിയ എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍ എന്നീ പരീക്ഷകളിലാണ് പ്രധാന അഴിമതികള്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് അന്വേഷണവുമായി പൂര്‍ണ്ണമായി കൈകോര്‍ക്കാന്‍ പിഎസ്സി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിഎസ്സി അംഗങ്ങള്‍ നേരിട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കുമെന്നാണ് സൂചന.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍- ഒരു മുന്‍നിര പിഎസ്സി പരിശീലന കേന്ദ്രം തയ്യാറാക്കിയ ചോദ്യങ്ങള്‍ തന്നെയാണ് പരീക്ഷാ പേപ്പറില്‍ ആവര്‍ത്തിച്ചതെന്ന് പ്രാരംഭ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- ഈ തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ ആദ്യ നൂറ് സ്ഥാനങ്ങള്‍ നേടിയവരെല്ലാം ഫിഷറീസ് സര്‍വ്വകലാശാലയില്‍ പഠിച്ചവരാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കിയതും അഭിമുഖം നടത്തിയതും ഇതേ സര്‍വ്വകലാശാലയിലെ അധ്യാപകരാണെന്നും എസ്എഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി തിരിമറി നടത്തിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍- നിശ്ചിത യോഗ്യതകള്‍ ഇല്ലാതിരുന്നിട്ടും പിഎസ്സിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കോടതിയുടെ ശക്തമായ ഇടപെടലുകള്‍ ഈ കേസില്‍ വഴിതിരിവാകുമെന്നും ഉന്നതതല ബന്ധമുള്ള കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ വരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.







