ഓൺലൈൻ ടിക്കറ്റുകൾക്ക് പുറമെ റെയിൽവേ കൗണ്ടറിൽ നിന്നും നേരിട്ടെടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഒക്ടോബർ 27 മുതൽ ഉത്തരവ് നിർബന്ധമായും നടപ്പാക്കണമെന്നും വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
2023 ജൂണിൽ ഒഡിഷയിലുണ്ടായ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയത്. അപകടം ഒഴിവാക്കുന്നതിനായി ട്രെയിനുകളിൽ കവച് സുരക്ഷാസംവിധാനം വേഗത്തിൽ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹരജിയിലുണ്ടായിരുന്നു. റെയിൽവേ മേൽപാലങ്ങൾ, പാളങ്ങളുടെ വശങ്ങളിൽ വേലികൾ സ്ഥാപിക്കൽ, യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വിഷയങ്ങളും കോടതി പരിഗണനയിലെടുത്തു.
കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് സംവിധാനം ഒരുക്കാൻ അധികൃതർക്ക് മതിയായ സമയം നൽകിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിൽ പുരോഗതിയുണ്ടായില്ല. ഇതോടെയാണ് ഓൺലൈൻ ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ രീതിയിൽ കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ഉത്തരവിട്ടത്.








