ദിവസങ്ങളായി കേരള പൊലീസ് തേടുന്ന അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുനെ പൊലീസ് പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഫ്ലാറ്റിൽ നിന്ന് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ അർജുനെ പിടികൂടിയത്.
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽ തന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.
സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റിലായ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരമായിരിക്കും തുടർനടപടികൾ.





