കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് സൊസൈറ്റി സ്ഥാപകനും മുൻ ചെയർമാനുമായ ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ കോടതി ആറിന് പരിഗണിക്കും. കേസിൽ ഇന്നലെ കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രേംകുമാറിന്റെ ചെന്നൈയിലെ വീട്ടിൽ നോട്ടിസ് പതിച്ചു.
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) കേസ് പരിഗണിക്കവെ നോട്ടിസിന് മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് കേസ് പരിഗണിക്കുന്നത് ആറിലേക്ക് മാറ്റിയത്. പ്രേംകുമാറിനെ ചെന്നൈയിലെത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. പിന്നീട് അന്വേഷണസംഘം റീ അറസ്റ്റ് അപേക്ഷ സമർപ്പിക്കുകയായിരുന്നു.
സൊസൈറ്റിയുടെ സി.ഇ.ഒ ആയിരുന്ന നവീൻ നടക്കാവ് പൊലിസിൽ നൽകിയ പരാതിയിലാണ് പ്രേംകുമാറിനെതിരേ കേസെടുത്തത്.
സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്ന് 80 കോടി രൂപ പല അക്കൗണ്ടുകളിലേക്കായി മാറ്റിയതായാണ് പരാതി. കേസ് പിന്നീട് നടക്കാവ് പൊലിസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്.








