Top Banner

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് 32 പേര്‍ക്ക് ശാരീരിക അസ്വസ്ഥത; വില്‍പ്പന നിരോധിച്ചു

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് മുപ്പത്തിരണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വറ്റ മത്സ്യത്തിന്റെ വില്‍പന പൂര്‍ണ്ണമായി തടഞ്ഞു.

തീരദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വറ്റ മത്സ്യത്തിന്റെ ചാകര അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിപണിയില്‍ നിന്ന് മീന്‍ വാങ്ങി പാകം ചെയ്തു കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. തുടര്‍ന്ന് ആരോഗ്യവകുപ്പും പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പുത്തന്‍ചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളില്‍ സംയുക്ത പരിശോധന നടത്തി. ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് കിലോ വരെ ഭാരമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വില്‍പ്പനയാണ് ആദ്യഘട്ടത്തില്‍ തടഞ്ഞത്. വ്യാപാരികളുടെ ഭാഗത്തുനിന്ന് ചെറിയ തോതില്‍ എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ വില്‍പന നിര്‍ത്തിവെക്കാന്‍ തയ്യാറായി.

സംഭവത്തിന് പിന്നില്‍ ‘സിഗ്വാറെറ്റ’ (Ciguatera) എന്ന കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയാകാം കാരണമെന്ന് കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ എ. ബിജു കുമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിശദമായ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

ഈ വിഷത്തിന് നിറമോ മണമോ രുചിയോ ഉണ്ടാകില്ല എന്നതും പാചകം ചെയ്താല്‍ നശിച്ചുപോവില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒരേ മീന്‍ കഴിച്ച എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. മീനിലെ വിഷത്തിന്റെ അളവിലുള്ള വ്യത്യാസവും ആളുകള്‍ കഴിക്കുന്ന അളവിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇതിന് കാരണം. വറ്റ മത്സ്യത്തിന്റെ തല, കരള്‍, മുട്ട, മറ്റ് ആന്തരികാവയവങ്ങള്‍ എന്നിവ കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.