എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്കുള്ള മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയ വഴിത്തിരിവ്. നിലവിലുള്ള വിവാദ മരുന്ന് വാങ്ങാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന മിഷന് ഡയറക്ടറുടെ കത്ത് പുറത്തുവന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ ഈ ഔദ്യോഗിക കത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
നാറ്റ്കോ കമ്പനിയുടെ മരുന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് സാങ്കേതിക സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളും രേഖകളും ഈ കത്തിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. യു.ആര് രാഹുല്‍ ഒപ്പിട്ടാണ് പ്രസ്തുത കത്ത് നല്‍കിയിട്ടുള്ളത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ മരുന്നു വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സാങ്കേതിക സമിതി കഴിഞ്ഞ മെയ് 8നാണ് നാറ്റ്കോയുടെ മരുന്ന് ഔദ്യോഗികമായി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മിഷന് ഡയറക്ടര്‍ ഈ കത്ത് കൈമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ എസ്എംഎ ക്ലിനിക്കുകള്‍ വഴി ഇന്ത്യന്‍ നിര്‍മ്മിതമായ പുതിയ മരുന്ന് ആരോഗ്യവകുപ്പ് വിതരണം ചെയ്ത് തുടങ്ങിയിരുന്നു. എന്നാല്‍ മരുന്നിന്റെ കവറില്‍ ‘ഡോക്ടേഴ്സ് സാമ്പിള്‍’ എന്ന് രേഖപ്പെടുത്തിയിരുന്നത് കുട്ടികളുടെ മാതാപിതാക്കളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കി. പുതിയ മരുന്നിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. കുഞ്ഞുങ്ങളുടെ ജീവന് വച്ചുള്ള പരീക്ഷണമാണിതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആവശ്യപ്പെട്ടു.
എന്നിരുന്നാലും ഈ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രാജ്യത്ത് ആവശ്യമായ എല്ലാ ഔദ്യോഗിക അനുമതികളും പുതിയ മരുന്ന് നേടിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കുന്നത് വഴി കൂടുതല്‍ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുമെന്നും സാമ്പിള്‍ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ മരുന്നുമായി ഇതിന് യാതൊരു വ്യത്യാസമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി








