Top Banner

സിജെപി പ്രതിഷേധം: ധ്രുവ് റാഠി ഉൾപ്പെടെ നൂറുകണക്കിന് യുവാക്കൾ കസ്റ്റഡിയിൽ

ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട്   സി.ജെ.പി പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക പൊലിസ് കസ്റ്റഡി. ധ്രുവ് റാഠി ഉൾപ്പടെ 175 പേർ ഇതുവരെ കസ്റ്റഡിയിലായി. ഭയന്ന് പിന്നോട്ടില്ലെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. കേരളത്തിൽ നിന്നടക്കം ഡൽഹിയിലേക്കെത്തുന്ന ട്രെയിനുകൾ റദ്ദാക്കി. ഊബർ പോലുള്ള ആപ്പ് അധിഷ്ഠിത ടാക്‌സികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

പ്രതിഷേധക്കാരെ പാർപ്പിക്കാൻ പതിനഞ്ചിടങ്ങളിൽ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കി. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാൽ സ്റ്റേഡിയം തുടങ്ങിയ സ്റ്റേഡിയങ്ങളും മറ്റ് നിർദിഷ്ട കേന്ദ്രങ്ങളും ഇതിനായി സജ്ജമാക്കുന്നുണ്ട്. നരേല, കിഴക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. 23,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 221 കേന്ദ്ര സേനാ കമ്പനികളെയുമാണ് ഡൽഹിയിൽ വിന്യസിച്ചത്. ജമ്മു കശ്മിരിൽ തീവ്രവാദികളെ നേരിടാനും പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢിലും മാവോവാദികളെ നേരിടാനും വിന്യസിച്ചിരുന്ന സി.ആർ.പി.എഫ് കമ്പനികളെയാണ് ഡൽഹിയിലെത്തിച്ചിരിക്കുന്നത്.

ഡൽഹിയിലെ പ്രധാന വീഥികളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജന്തർ മന്തർ പരിസരത്തേക്ക് ഒരുക്കലും പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ കൊട്ടിയടച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, മറ്റ് താമസസൗകര്യങ്ങൾ എന്നിവ നിശ്ചിത കാലയളവിൽ അടച്ചിടാനോ പുതിയ ബുക്കിങ്ങുകൾ നിയന്ത്രിക്കാനോ ഉത്തരവിട്ടു. പഹാർഗഞ്ചിലെ ഹോട്ടൽ ഉടമകൾക്ക് പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കരുതെന്ന് നിർദേശം നൽകി. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തുന്ന യൂട്യൂബർമാർക്കും മൊബൈൽ ജേണലിസ്റ്റുകൾക്കും വിലക്കുണ്ട്.

വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഹോട്ടലുകളിലും റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ തടഞ്ഞ് ആളുകളെ വഴിയിൽ ഇറക്കിവിട്ടു.
പ്രതിഷേധത്തിൽ ജനപങ്കാളിത്തം കുറയ്ക്കാൻ ഡൽഹി പൊലിസ് പ്രാദേശികതലത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. സമരത്തിൽ പങ്കെടുക്കരുതെന്ന് പള്ളിക്കുള്ളിലെത്തി പൊലിസ് മുന്നറിയിപ്പ് നൽകി. ഗസ്റ്റ് ഹൗസ് ഉടമകൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, വ്യാപാരി സംഘടനകൾ എന്നിവരുമായി പൊലിസ് കൂടിക്കാഴ്ച നടത്തുകയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരെ പിന്തിരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.  പ്രതിഷേധക്കാർക്ക് ഭക്ഷണമെത്തിക്കരുതെന്ന് സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ കമ്പനികൾക്കും നിർദേശം നൽകി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.