എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിയെ കുടുക്കാൻ ബി.ജെ.പിയുടെ നീക്കം. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചപ്പോൾ സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിച്ചതാണ് ബി.ജെ.പി ആയുധമാക്കുന്നത്. കോൺഗ്രസ് ദേശീയഗീതത്തെ അപമാനിച്ചു എന്നാണ് ബിജെപി ആരോപണം. സോണിയ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്.
സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ഇന്നലെ എ.എ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. അതിനിടെ സേവാദൾ വളന്റിയർ വന്ദേമാതരം പൂർണമായും ആലപിച്ചു. ഇത് തടയാൻ സോണിയയുടെയും മല്ലുകാർജൻ ഖാർഗെയുടെയും ഭാഗത്തുനിന്ന് ചെറിയ ശ്രമം ഉണ്ടായിരുന്നു. സോണിയാ ഗാന്ധി അസ്വസ്ഥത പ്രകടമാക്കിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇത് വിവാദമായതോടെ തിരുത്തുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. സോണിയാ ഗാന്ധി കസേര ചോദിക്കുകയാണ് ചെയ്തതെന്നും അല്ലാതെ അസ്വസ്ഥത പ്രകടമാക്കിയതല്ല എന്നുമായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പ്രതികരിച്ചത്. എന്നാൽ, ഇതെല്ലാം പൂർണമായും തള്ളിയ ബി.ജെ.പി, വന്ദേമാതരം നിയമം പാസായ സാഹചര്യത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമ നടപടി എടുക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.






