ട്രെയിൻ യാത്രക്കാർക്കായി കർശന നിർദേശവുമായി സെൻട്രൽ റെയിൽവേ. ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിന് റെയിൽവേ തുടക്കമിട്ടു. 2026 ഒക്ടോബർ 1 മുതൽ 31 വരെയാണ് രാജ്യവ്യാപകമായി പ്രത്യേക പരിശോധന നടക്കുന്നത്. ടിക്കറ്റുകളുടെ സാധുത, യാത്രാ ഇളവുകൾ, റിസർവേഷൻ ക്വാട്ടകൾ, റെയിൽവേ പാസുകൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.
ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ യാത്ര ചെയ്യുകയാണെങ്കിൽ, സംഘത്തിലുള്ള ആരെങ്കിലും ഒരാളെങ്കിലും നിർബന്ധമായും ഒറിജിനൽ തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഴുവൻ യാത്രക്കാരെയും ടിക്കറ്റില്ലാത്തവരായി കണക്കാക്കി നടപടിയെടുക്കും.
യാത്രാനിരക്കിൽ ഇളവ് ലഭിക്കുന്നവരും പ്രത്യേക ക്വാട്ടയിൽ ടിക്കറ്റ് എടുത്തവരും അതിനുള്ള അർഹത തെളിയിക്കുന്ന ഒറിജിനൽ രേഖകൾ യാത്രയിൽ ഉടനീളം സൂക്ഷിക്കണം.
ഇ-പാസ് അല്ലെങ്കിൽ പാസഞ്ചർ ഓർഡർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന റെയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളും ഒറിജിനൽ തിരിച്ചറിയൽ രേഖ കരുതണം. യാത്രയ്ക്ക് മുൻപ് ഇ-പാസ് ഔദ്യോഗിക യാത്രാ അധികാരപത്രമാക്കി മാറ്റിയിരിക്കണം.
ടിക്കറ്റില്ലാതെയോ അനധികൃതമായോ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി. യാത്രാനിരക്കിന് പുറമേയാണ് ഈ തുക ഈടാക്കുന്നത്.
റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് പുറമെ അൺറിസർവ്ഡ് ടിക്കറ്റുകളും ശക്തമായി പരിശോധിക്കും. ടിക്കറ്റുകളിൽ സംശയം തോന്നിയാൽ ‘ടിക്കറ്റ് എക്സാമിനർ ആപ്പ്’ ഉപയോഗിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ പരിശോധിക്കും.
റിസർവേഷൻ ദുരുപയോഗം, യാത്രാ ഇളവുകളുടെ അനധികൃത ഉപയോഗം എന്നിവ തടയുകയാണ് ഒരു മാസം നീളുന്ന ഈ പ്രത്യേക പരിശോധനാ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്രക്കാർ ഫോട്ടോകോപ്പികൾക്ക് പകരം ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാനും പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.








