ആറുമാസക്കാലം തുടര്‍ച്ചയായി റേഷന്‍ വിഹിതം കൈപ്പറ്റാത്ത ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഇവരെ സൈലന്റ് റേഷന്‍ കാര്‍ഡുകള്‍ ആയി കണക്കാക്കുകയും എല്ലാ മാസവും 21ന് കണ്ടെത്തുകയും തുടര്‍ന്ന് തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രവര്‍ത്തനരഹിതമാക്കി സൂക്ഷിക്കുകയും ചെയ്യും.
ഇപ്രകാരം ചെയ്യപ്പെടുന്ന കാര്‍ഡുകള്‍ക്ക് പ്രതിമാസ റേഷന്‍ വിഹിതം കൈപ്പറ്റാനാകില്ല. തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ ഈ റേഷന്‍ കാര്‍ഡിലെ ഗുണഭോക്താക്കള്‍ എല്ലാവരും തന്നെ ഇ-കെവൈസി പൂര്‍ത്തീയാക്കിയാൽ മാത്രമേ കാര്‍ഡ് തിരികെ പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. മൂന്ന് മാസത്തിനുള്ളില്‍ ഇ-കെവൈസി പൂര്‍ത്തീകരിക്കാത്ത പക്ഷം കാര്‍ഡുകള്‍ ഇന്‍വാലിഡ് ആയി കണക്കാക്കി ഡാറ്റാ ബേസില്‍ നിന്ന് നീക്കം ചെയ്യും. അതോടൊപ്പം തന്നെ ആധാര്‍ അധിഷ്ഠിത ഒത്തുനോക്കല് വഴി ഇന്ത്യയിൽ എവിടെയെങ്കിലും ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കുന്നതാണ്.
തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ ഇ-കെവൈസി പൂർത്തീകരിച്ച് ഏതു കാര്‍ഡിലാണ് നിലനിര്‍ത്തേണ്ടത് അത് നില നിര്‍ത്തിക്കൊണ്ട് മറ്റെല്ലാ കാര്‍ഡില്‍ നിന്നും നീക്കം ചെയ്ത ശേഷം മാത്രമേ ഗുണഭോക്താവിന് റേഷന്‍ വിഹിതം അനുവദിക്കുകയുള്ളൂ. കഴിഞ്ഞ ആറുമാസം സംസ്ഥാനത്ത് റേഷന്‍ വിഹിതം വാങ്ങാത്തത് 6,06,773 കാര്ഡുടമകളാണഅ. ഇതില്‍ 44,279 എണ്ണം മഞ്ഞ, പിങ്ക് കാര്‍ഡുകളാണ്. ബാക്കിയുള്ള 5,62,494 കാര്‍ഡുകൾ നീല, വെള്ള കാര്‍ഡുകളാണ്. നേരത്തേ റേഷന്‍ വിഹിതം കൈപ്പറ്റാത്ത മഞ്ഞ,പിങ്ക് കാര്‍ഡുകള്‍ മരവിപ്പിക്കാനാണ് ഭക്ഷ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഇത് ബാധകമായിരുന്നില്ല. എന്നാല്‍ പുതുക്കിയ മാർഗനിർദേശമനുസരിച്ച് എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും ഇത് ബാധകമാണ്.








