മാസപ്പടി കേസില്‍ മുന്‍മന്ത്രി മുഹമ്മദ് റിയാസിനെയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ഇ.ഡി ചോദ്യം ചെയ്യാന്‍ സാധ്യത. വീണ താമസിക്കുന്ന തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ചുവന്ന കവറുള്ള ഡയറി ഇ.ഡി സംഘം പിടിച്ചെടുത്തിരുന്നു.
നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരുടെ അക്കൗണ്ടിലേക്ക് എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്ന് വീണ പറഞ്ഞിരുന്നു. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണോയെന്നും ഇ.ഡി പരിശോധിക്കും.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ ഇന്നലെ റെയ്ഡ് നടന്നിരുന്നു. രാവിലെ തുടങ്ങിയ റെയ്ഡ് പല സ്ഥലത്തും രാത്രിയോടെയാണ് അവസാനിച്ചത്. വീണാ തൈക്കണ്ടിക്ക് സി.എം.ആര്‍.എല്ലില്‍ നിന്ന് കൈപ്പറ്റിയെന്ന് ആരോപിക്കപ്പെടുന്ന 1.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കേസിലെ പ്രധാന വഴിത്തിരിവുകളിലൊന്ന്. ഈ തുക എവിടെ നിന്നെല്ലാം ലഭിച്ചു, ഇത് പിന്നീട് ഏതെല്ലാം വഴികളിലേക്ക് മാറ്റി, എങ്ങനെയൊക്കെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് സൂചന.





