കർക്കടക വാവ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് എത്തുന്ന തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഭക്തജനങ്ങളുടെ യാത്രാ തിരക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് ആലുവയിലേക്ക് രാത്രി 11.15-നും 11.30-നും അധിക സർവ്വീസുകൾ ഉണ്ടായിരിക്കും. സാധാരണ സമയക്രമത്തിന് ശേഷവും ആലുവയിലെ മഹാദേവ ക്ഷേത്രത്തിലേക്കും മണപ്പുറത്തേക്കും എത്തുന്ന ഭക്തർക്ക് ഈ സർവീസുകൾ ഗുണകരം.
കൂടാതെ, ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്കായി ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ 5.00-നും 5.30-നും സർവീസുകൾ നടത്തും. അതിനുശേഷം രാവിലെ 6.00 മണി മുതൽ പതിവ് സമയക്രമത്തിൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങും.






