തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസുകളിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികളെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലയളവിൽ കേസുകൾ പിൻവലിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്.
കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന പണവും സ്വത്തുക്കളും സംബന്ധിച്ച വിവരം 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റിനെയോ ബന്ധപ്പെട്ട കോടതിയെയോ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, നോങ്‌മെയ്‌കാപം കോട്ടിസ്‌വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 2014ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബെല്ലാരിയിൽ മത്സരിച്ച സ്ഥാനാർഥി പ്രതീക് പരസ്‌രംപുരിയ വോട്ടർമാർക്ക് കൈക്കൂലി നൽകുന്നതിനായി വൻതോതിൽ പണം ശേഖരിച്ചെന്ന കേസിൽ കർണാടക ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.
തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണത്തിന്റെ വ്യാപ്തി പരിശോധിക്കുന്നതിനായി കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയ്ക്കും കോടതി നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷകരായ ഗൗരവ് അഗർവാൾ, സ്വപ്നിൽ ത്രിപാഠി എന്നിവരെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ 3,87,430 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 42.9 ശതമാനം കേസുകളിൽ, അതായത് 1,66,044 കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. ശേഷിക്കുന്ന കേസുകൾ അന്വേഷണം അല്ലെങ്കിൽ വിചാരണ ഘട്ടത്തിലാണ്.തിരഞ്ഞെടുപ്പ്






