ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് എഡിജിപി പി. വിജയൻ. നിയമനടപടികളുടെ കാര്യത്തിൽ പൊലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വീഴ്ചകളാണ് സംഭവിച്ചതെന്നും ആരൊക്കെയാണ് ഉത്തരവാദികളെന്നും പരിശോധിക്കാനാണ് എത്തിയതെന്ന് എഡിജിപി പറഞ്ഞു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും കാണുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ പ്രാഥമിക ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം പി. വിജയനെ അന്വേഷണത്തിന് നിയോഗിച്ചത്. നിലവിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി പതിനേഴുകാരന്റെയും അമ്മയുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി.
ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്








