ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ, വാഹനവുമായി പുറത്തിറങ്ങിയ പതിനേഴുകാരന്റെ അച്ഛനായ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് പോർട്ട്ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. മകൻ അപകടം ഉണ്ടാക്കിയ ഉടൻ, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പൊലീസ് സ്റ്റേഷനിൽ പോയത് തെറ്റാണെന്നാണ് കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിലും തുടർന്നുള്ള നടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയത്. ഇതിനിടെ, മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി 17-കാരൻ സ്വന്തം ഇൻസ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്. പ്രതിയായ 17-കാരന് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നത് വിലക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം എംവിഡി നടപടി സ്വീകരിക്കും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യും.
ഇതിനിടെ എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ വൈകിട്ട് 4 മണി മുതൽ വീണ്ടും സമരത്തിലേക്ക് കടക്കുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചിരുന്നു. ഇന്നലെ രാത്രി വരെ ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നുവെങ്കിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചതിനെ തുടർന്ന് രാത്രി 9 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.








