വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് ഡൽഹിയിലെ രാംലീല മൈതാനത്ത് വമ്പൻ പ്രതിഷേധ റാലി നടത്തി ഇന്ത്യ സഖ്യം. ഗ്യാനേഷ് കുമാറിനെ പൊതുമധ്യത്തിൽ ഇംപീച്ച് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് രാംലീല മൈതാനിയിൽ പടുകൂറ്റൻ റാലി നടന്നത്. ഗ്യാനേഷ് കുമാർ ഇനി പദവിയിൽ തുടരില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗ്യാനേഷ് തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ തെളിവുകൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ടെന്നും തെളിവുകൾ പുറത്തുവിട്ട ശേഷവും ബി.ജെ.പി അദ്ദേഹത്തെ നിലനിർത്താൻ നിർബന്ധം പിടിച്ചാൽ, അവരുടെ കളി എല്ലാവർക്കും വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് സാധാരണ മോഷണമല്ല. കടയിൽ നിന്ന് ആരെങ്കിലും സാധനം മോഷ്ടിക്കുന്നത് പോലെ ഒന്നല്ല ഇത്. ഓരോ വ്യക്തിയുടെയും ശബ്ദത്തിന്റെ മോഷണമാണിത്. നിയമ ഭാഷയിൽ ഇതിനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിളിക്കുന്നു. ഇതിനെ രാജ്യദ്രോഹം എന്ന് വിളിക്കാം. ഗ്യാനേഷ് കുമാർ ഇല്ലാതെ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തരമന്ത്രിയോ ആകുമായിരുന്നില്ല.” രാഹുൽ ഗാന്ധി പറഞ്ഞു.
“ഇവിടെ എത്തിയ എല്ലാവർക്കും നന്ദി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒരു സന്ദേശം നൽകണമായിരുന്നു, ആ സന്ദേശം നൽകിക്കഴിഞ്ഞു. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ശബ്ദമല്ല. ഇത് ഇന്ത്യൻ യുവാക്കളുടെയും കർഷകരുടെയും ജനങ്ങളുടെയും ശബ്ദമാണ്. രാജ്യത്ത് ജനാധിപത്യം തകർക്കാൻ അനുവദിക്കില്ലെന്നാണ് ഈ ശബ്ദം പറയുന്നത്. നിങ്ങൾ വലിയ ആളാണെന്ന് കരുതാം, നിങ്ങളുടെ പക്കൽ പണമുണ്ടാകാം, പക്ഷേ നിങ്ങൾ ഭരണഘടനയേക്കാൾ വലിയവരല്ല, അത് നിങ്ങളേക്കാൾ വലുതാണ്.” രാഹുൽ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയും രാംലീലയിലെ വേദിയിലെത്തി സംസാരിച്ചു. കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) തങ്ങളുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മമത പ്രസംഗം ആരംഭിച്ചത്. “എസ്.ഐ.ആറിന്റെ ഇരയാണ് ബംഗാൾ. അത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല. അവർ ബംഗാളിനെ കൊള്ളയടിച്ചു, ഞങ്ങൾ ഡൽഹിയിൽ നിന്ന് ജനാധിപത്യം തിരികെ കൊണ്ടുവരും. അവർ ജനാധിപത്യവും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും കൊള്ളയടിച്ചു. ഗ്യാനേഷ് കുമാർ ജി, നിങ്ങൾ വോട്ടുകൾ അപ്രത്യക്ഷമാക്കുക മാത്രമല്ല ചെയ്തത്, വോട്ടെണ്ണൽ കേന്ദ്രീകൃതമായി ഹൈജാക്ക് ചെയ്യുകയാണ് ചെയ്തത്. ഞങ്ങൾ തോറ്റതല്ല, ഞങ്ങളെ തോൽപ്പിച്ചതാണ്. രാഷ്ട്രീയത്തിലൂടെ ഞങ്ങൾ ഇതിന് പകരം വീട്ടും.” മമത വ്യക്തമാക്കി.
“തങ്ങളുടെ പാർട്ടി പ്രവർത്തകർ മാത്രം ഇന്ത്യയിലെ വോട്ടർമാരും പൗരന്മാരുമാകണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. “രാംലീല മൈതാനത്ത് ശബ്ദമുയരുന്നത് ഞാൻ കാണുന്നു. ഞങ്ങൾ ഇവിടെ ഒത്തുകൂടുമെന്ന് പ്രഖ്യാപിച്ചതു മുതൽ, അവർക്കും ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹമുണ്ടെന്ന് ഞാൻ കേൾക്കുന്നു. യു.പിയിൽ ഇന്ന് ഇവിടെ റാലി നടക്കുമ്പോൾ, യു.പിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ വെട്ടിമാറ്റിയതായി ബി.ജെ.പി തന്നെ പറയുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ ശബ്ദം കാരണമാണ് തങ്ങളുടെ വോട്ടുകളും വെട്ടിമാറ്റപ്പെടുന്നുണ്ടെന്ന് ബി.ജെ.പി ഇപ്പോൾ തിരിച്ചറിയുന്നത്.”
“ഇതൊരു ഡബിൾ എൻജിൻ സർക്കാരാണെന്ന് അവകാശപ്പെടുന്നവർക്ക് കാശിയിലെ ജനങ്ങൾ ‘ഡബിൾ സീറോ’ നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്,” അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.








